അൾജിയേഴ്സ്: രാജ്യത്തിന്റെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും കുറ്റകൃത്യ ശൃംഖലകളെ വേരോടെ പിഴുതെറിയുന്നതിനുമായി പ്രസിഡന്റ് അബ്ദുൽ മജീദ് തബ്ബൂന്റെ (Abdelmadjid Tebboune) അധ്യക്ഷതയിൽ ചേർന്ന അൾജീരിയൻ സുപ്രീം സെക്യൂരിറ്റി കൗൺസിൽ അതിശക്തമായ നടപടികൾ പ്രഖ്യാപിച്ചു. അൾജീരിയയുടെ കിഴക്കൻ, മധ്യ മേഖലകളിൽ വൻ നാശനഷ്ടമുണ്ടാക്കിയ കാട്ടുതീയ്ക്ക് കാരണക്കാരായവർക്ക് അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് ‘വധശിക്ഷ’ നടപ്പാക്കാൻ റസിഡൻഷ്യൽ ഡയറക്റ്റീവിലൂടെ ഉത്തരവിട്ടു. ജാൻഡാർമറിയും സുരക്ഷാ ഏജൻസികളും നടത്തുന്ന സയന്റിഫിക് അന്വേഷണത്തിൽ കാട്ടുതീ മനഃപൂർവ്വം സൃഷ്ടിച്ചതാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഈ കർശന തീരുമാനം.
ലഹരി മരുന്ന് മാഫിയകൾക്കെതിരെയും അഭൂതപൂർവ്വമായ നീക്കങ്ങളാണ് കൗൺസിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ലഹരി കടത്തുകാരെയും മാഫിയാ തലവന്മാരെയും തടവിലിടാനായി സഹാറ മരുഭൂമിയിലെ അതീവ കഠിനമായ കാലാവസ്ഥയുള്ള ‘തൻസ്രൂഫ്റ്റ്’ (Tanzrouft) മേഖലയിലുള്ള സൈനിക താവളത്തെ അതിതീവ്ര സുരക്ഷാ ജയിലാക്കി മാറ്റും. കൂടാതെ, അമേരിക്കൻ ‘DEA’ ഏജൻസിയുടെ മാതൃകയിൽ ലഹരി വിരുദ്ധ പോരാട്ടങ്ങൾക്കായി പ്രത്യേക സുരക്ഷാ ഏജൻസിക്കും അൾജീരിയ രൂപം നൽകി. ലഹരി കുറ്റകൃത്യങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന പൗരന്മാർക്ക് സാമ്പത്തിക പാരിതോഷികം നൽകുന്ന ഗവൺമെന്റ് ഉത്തരവും, ലഹരിവ്യാപാരം രാജ്യത്തെ യുവാക്കൾക്കെതിരെയുള്ള യുദ്ധമാണെന്നും അത് ഹറാമാണെന്നും പ്രഖ്യാപിക്കുന്ന ഔദ്യോഗിക ഫത്വയും ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്.
