റിയാദ്: ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി സൗദി അറേബ്യയിലെ അബ്ഷർ പ്ലാറ്റ്ഫോം ദേശീയ തിരിച്ചറിയൽ കാർഡിൽ (National ID) രജിസ്റ്റർ ചെയ്ത ഫോട്ടോ പൂർണമായും ഓൺലൈനായി പുതുക്കാൻ കഴിയുന്ന പുതിയ സേവനം ആരംഭിച്ചു.
ഫോട്ടോ മാറ്റുന്നതിനായി ഇനി തിരിച്ചറിയൽ കാർഡ് പുതുക്കുകയോ കാർഡ് നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യുകയോ ചെയ്യേണ്ടതില്ല. അബ്ഷർ പ്ലാറ്റ്ഫോമിലൂടെ തന്നെ ഓട്ടോമേറ്റഡ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോട്ടോ നേരിട്ട് എഡിറ്റ് ചെയ്ത് പുതുക്കാൻ സാധിക്കും.
പുതിയ സേവനത്തിലൂടെ സർക്കാർ ഓഫീസുകൾ നേരിട്ട് സന്ദർശിക്കേണ്ടതില്ലെന്നും മുമ്പ് ആവശ്യമായിരുന്ന പരമ്പരാഗത നടപടിക്രമങ്ങൾ ഒഴിവാക്കി കൂടുതൽ എളുപ്പത്തിൽ ഫോട്ടോ പുതുക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.
