റിയാദ്: ഡോക്ടറുടെ മരുന്ന് കുറിപ്പിൽ പിഴവുണ്ടെന്ന് സംശയമുണ്ടെങ്കിൽ സ്ഥിരീകരണം തേടാതെ മരുന്ന് നൽകരുതെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഫാർമസിസ്റ്റുകൾക്ക് നിർദേശം നൽകി. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മരുന്ന് കുറിപ്പുകൾ പരിശോധിക്കുന്നതും മരുന്നുകളുടെ സുരക്ഷ സ്ഥിരീകരിക്കുന്നതും ഫാർമസിസ്റ്റുകളുടെ പ്രധാന ഉത്തരവാദിത്തമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയത്തിന്റെ ‘937’ എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യപ്രവർത്തന നിയമത്തിലെ 23-ാം വകുപ്പ് പ്രകാരം മരുന്ന് കുറിപ്പിൽ പിഴവുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ അത് നൽകിയ ഡോക്ടറുമായി ബന്ധപ്പെട്ട് വ്യക്തത തേടണം. ഡോക്ടറുടെ അനുമതിയില്ലാതെ കുറിപ്പിലെ ഉള്ളടക്കം മാറ്റാനും പാടില്ല. തുല്യമായ പകരം മരുന്നുകൾ നൽകുന്നതുമായി ബന്ധപ്പെട്ട നിയമപരമായ ഇളവുകൾക്ക് ഇത് ബാധകമല്ലെന്നും മന്ത്രാലയം വിശദീകരിച്ചു.
സഹപ്രവർത്തകരോട് പ്രൊഫഷനൽ മര്യാദ പാലിക്കണം
ചികിത്സയുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായവ്യത്യാസങ്ങളും ശാസ്ത്രീയമായ അടിസ്ഥാനത്തിൽ, പരസ്പര ബഹുമാനത്തോടെ, ഉചിതമായ ഔദ്യോഗിക മാർഗങ്ങളിലൂടെ ഉന്നയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ആരോഗ്യപ്രവർത്തന നിയമത്തിലെ 24-ാം വകുപ്പ് പ്രകാരം ആരോഗ്യപ്രവർത്തകർ പരസ്പരം സഹകരിക്കുകയും വിശ്വാസം നിലനിർത്തുകയും വേണം. സഹപ്രവർത്തകരെ അപകീർത്തിപ്പെടുത്തുന്നതും അധിക്ഷേപിക്കുന്നതും നിയമം വിലക്കുന്നു.
രോഗികളുടെ സുരക്ഷയും ആരോഗ്യസംഘത്തോടുള്ള വിശ്വാസവും സംരക്ഷിക്കുന്നതിന് പ്രൊഫഷനൽ മാനദണ്ഡങ്ങളും ധാർമിക ചട്ടങ്ങളും പാലിക്കണം. ഈ ബാധ്യതകൾ ലംഘിക്കുന്നവർക്ക് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് അച്ചടക്ക നടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
