ഇസ്താംബൂൾ: മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളും അന്താരാഷ്ട്ര പ്രതിസന്ധികളും ചർച്ച ചെയ്യുന്നതിനായി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഇസ്താംബൂളിലെത്തി. സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും നാല് യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിനിധികളുമായുള്ള ചർച്ചകളിലും അദ്ദേഹം പങ്കെടുക്കും.
യമനിലെ സാഹചര്യം, അമേരിക്ക–ഇറാൻ യുദ്ധം, ഫലസ്തീൻ വിഷയം, റഷ്യ–യുക്രെയ്ൻ സംഘർഷം എന്നിവയാണ് യോഗങ്ങളിലെ പ്രധാന ചർച്ചാവിഷയങ്ങൾ. ഹോർമുസ്, ബാബുൽ മന്ദബ് കടലിടുക്കുകളിലൂടെയുള്ള സ്വതന്ത്രവും സുരക്ഷിതവുമായ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളും ചർച്ച ചെയ്യും.
സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മന്ത്രിമാർ ആദ്യം പ്രത്യേക യോഗം ചേരും. തുടർന്ന് ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുമായി സംയുക്ത ചർച്ചയും നടക്കും.
മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനും തുടരുന്ന സംഘർഷങ്ങളിൽ ഏകോപിതമായ നീക്കങ്ങൾ നടത്തുന്നതിനും പ്രാദേശിക രാജ്യങ്ങളും യൂറോപ്യൻ പങ്കാളികളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതാണ് ചർച്ചകളുടെ ലക്ഷ്യം.
അന്താരാഷ്ട്ര വ്യാപാരത്തിനും ഊർജ വിതരണത്തിനും നിർണായകമായ ഹോർമുസ്, ബാബുൽ മന്ദബ് കടലിടുക്കുകളിലെ കപ്പൽ ഗതാഗത സുരക്ഷയ്ക്ക് യോഗത്തിൽ പ്രത്യേക പ്രാധാന്യം നൽകും.
ഇസ്താംബൂളിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സൗദി വിദേശകാര്യ മന്ത്രി യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായും മൊറോക്കൻ വിദേശകാര്യ മന്ത്രി നാസർ ബൗരിറ്റയുമായും ഫോണിൽ സംസാരിച്ചു. മേഖലയിലെ പുതിയ സംഭവവികാസങ്ങളും സാഹചര്യം കൈകാര്യം ചെയ്യുന്നതിനുള്ള നയതന്ത്ര നീക്കങ്ങളും സംഭാഷണങ്ങളിൽ വിലയിരുത്തി.
