ബെൽഗ്രേഡ്: പ്രാദേശിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനും സമാധാനപരമായ രാഷ്ട്രീയ പരിഹാരങ്ങൾക്ക് മുൻഗണന നൽകുന്നതിനുമുള്ള നിലപാട് ആവർത്തിച്ച് സൗദി അറേബ്യ. ചേരിചേരാ പ്രസ്ഥാനത്തിന്റെ (NAM) ആദ്യ സമ്മേളനത്തിന്റെ 65-ാം വാർഷികത്തോടനുബന്ധിച്ച് സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിൽ നടന്ന ഉന്നതതല യോഗത്തിൽ സൗദി വിദേശകാര്യ ഉപമന്ത്രി എൻജിനീയർ വലീദ് അൽ-ഖുറൈജി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
പിരിമുറുക്കം കുറയ്ക്കുന്നത് താൽക്കാലിക ലക്ഷ്യമല്ലെന്നും രാജ്യങ്ങൾക്ക് അവരുടെ മുൻഗണനകൾ സുസ്ഥിര വികസനത്തിലേക്കും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലേക്കും തിരിച്ചുവിടാനുള്ള അവസരം നൽകുന്നതാണെന്നും അൽ-ഖുറൈജി പറഞ്ഞു.
പ്രാദേശിക രാജ്യങ്ങൾ സംഘർഷം വർധിപ്പിക്കുന്ന നയങ്ങൾ ഒഴിവാക്കണമെന്നും പൊതുതാൽപര്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥിരതയെ വികസനത്തിന്റെ അടിത്തറയാക്കുകയും ജനങ്ങൾക്ക് അവരുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ കൂടുതൽ അവസരങ്ങൾ ഒരുക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
65-ാം വാർഷിക യോഗത്തിന് ആതിഥേയത്വം വഹിച്ചതിന് സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുസിച്ചിനും സർക്കാരിനും സൗദിയുടെ നന്ദി അറിയിച്ചു.
ചേരിചേരാ പ്രസ്ഥാനത്തിന്റെ സ്ഥാപക രാജ്യങ്ങളിൽ ഒന്നായി സംഭാവന നൽകിയ കാലം മുതൽ അതിന്റെ അടിസ്ഥാന തത്വങ്ങളോട് സൗദി പ്രതിബദ്ധമാണെന്ന് അൽ-ഖുറൈജി പറഞ്ഞു. രാജ്യങ്ങളുടെ പരമാധികാരവും സ്വതന്ത്രമായ ദേശീയ തീരുമാനമെടുക്കാനുള്ള അവകാശവും സംരക്ഷിക്കുക, തർക്കപരിഹാരത്തിന് ശക്തിപ്രയോഗം ഒഴിവാക്കുക എന്നിവ ഇതിൽ പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അന്തർദേശീയ വിഷയങ്ങളിൽ സംവാദത്തിന് മുൻഗണന നൽകുകയും സഹകരണ ബന്ധങ്ങൾ വികസിപ്പിക്കുകയും സംഘർഷസാധ്യത കുറയ്ക്കുന്നതിനും അന്തർദേശീയ സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനുമുള്ള സംരംഭങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നതാണ് സൗദിയുടെ വിദേശനയമെന്നും അദ്ദേഹം പറഞ്ഞു.
ചേരിചേരാ പ്രസ്ഥാനത്തിന്റെ തത്വങ്ങളും ലക്ഷ്യങ്ങളും അന്തർദേശീയ കൂട്ടായ പ്രവർത്തനത്തിനുള്ള പ്രധാന അടിത്തറയാണെന്ന് സൗദി വിലയിരുത്തുന്നതായും അൽ-ഖുറൈജി വ്യക്തമാക്കി. പ്രത്യേകിച്ച് ഫലസ്തീൻ വിഷയത്തിൽ സൗദി സ്വീകരിച്ചിട്ടുള്ള ഉറച്ച നിലപാടും മിഡിൽ ഈസ്റ്റിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐക്യരാഷ്ട്രസഭയിലൂടെയും ചേരിചേരാ പ്രസ്ഥാനത്തിലൂടെയും ഏകോപനം തുടരണമെന്നും സമാധാനപരമായ രാഷ്ട്രീയ പരിഹാരങ്ങൾക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്തർദേശീയ ജലപാതകളിലൂടെയുള്ള കപ്പൽഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്നതുൾപ്പെടെ അന്തർദേശീയ നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി.
മിഡിൽ ഈസ്റ്റിൽ രാഷ്ട്രീയ പരിഹാരങ്ങളുടെ അഭാവം വ്യക്തമായി പ്രകടമാണെന്നും ഗാസ മുനമ്പിലും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ മറ്റ് ഭാഗങ്ങളിലും ഇസ്രായേൽ അധിനിവേശത്തിന്റെ നടപടികൾ തുടരുകയാണെന്നും അൽ-ഖുറൈജി ആരോപിച്ചു. സിറിയക്കെതിരായ ആക്രമണങ്ങളും മേഖലയിലെ സംഘർഷവും അസ്ഥിരതയും കൂടുതൽ രൂക്ഷമാക്കുന്നതായും അദ്ദേഹം പറഞ്ഞു.
മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും ജനങ്ങൾക്കും ദീർഘകാല സുരക്ഷ ഉറപ്പാക്കാൻ കഴിയുന്ന ഏക മാർഗം സമാധാനമാണെന്ന് സൗദി വിശ്വസിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. അതിനായി ഫലസ്തീൻ പ്രശ്നത്തിന് നീതിപൂർണവും സമഗ്രവും അന്തിമവുമായ പരിഹാരം വേഗത്തിൽ കൈവരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയുടെ സുരക്ഷ സംയുക്ത ഉത്തരവാദിത്തമാണെന്ന വിശ്വാസത്തിലാണ് സൗദിയുടെ പ്രാദേശിക നയതന്ത്ര ശ്രമങ്ങളെന്ന് അൽ-ഖുറൈജി പറഞ്ഞു. സംഘർഷസാധ്യത കുറയ്ക്കുന്നതിനും തർക്കങ്ങൾ രൂക്ഷമാകുന്നത് തടയുന്നതിനുമായി ആശയവിനിമയ മാർഗങ്ങൾ തുറന്നുവെക്കുകയും മധ്യസ്ഥതയ്ക്കും സംഘർഷനിവാരണത്തിനും സഹായിക്കുന്ന സംരംഭങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നതാണ് സൗദിയുടെ സമീപനമെന്നും അദ്ദേഹം വ്യക്തമാക്കി.
