റിയാദ്: ചർച്ചകൾക്കും സമാധാന ശ്രമങ്ങൾക്കുമായി സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ മനാൽ ഹസൻ റദ്വാനെ വിദേശകാര്യ മന്ത്രിയുടെ ഉപദേഷ്ടാവും പ്രത്യേക ദൂതയുമായി നിയമിച്ചു.
ചർച്ചകളും സമാധാന സംരംഭങ്ങളും കേന്ദ്രീകരിച്ചുള്ള സുപ്രധാന ചുമതലയാണ് റദ്വാന് പുതിയ നിയമനത്തിലൂടെ ലഭിച്ചിരിക്കുന്നത്. പ്രാദേശികവും അന്തർദേശീയവുമായ പ്രതിസന്ധികൾക്ക് നയതന്ത്രപരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളിൽ സൗദി അറേബ്യ സജീവമായി ഇടപെടുന്ന സാഹചര്യത്തിലാണ് നിയമനം.
നയതന്ത്രം, അന്തർദേശീയ ചർച്ചകൾ, സംഘർഷ പരിഹാരം, ബഹുരാഷ്ട്ര കാര്യങ്ങൾ എന്നിവയിൽ റദ്വാന് വിപുലമായ പരിചയമുണ്ട്. വിദേശകാര്യ മന്ത്രാലയത്തിൽ വിവിധ ഉന്നത പദവികൾ വഹിച്ചിട്ടുള്ള അവർ ഐക്യരാഷ്ട്രസഭയിലും മറ്റ് അന്തർദേശീയ വേദികളിലും സൗദിയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ വിദേശകാര്യ മന്ത്രാലയത്തിൽ മിനിസ്റ്റർ പ്ലെനിപൊട്ടൻഷ്യറി പദവിയിലായിരുന്നു സേവനം.
2017 മുതൽ വിദേശകാര്യ മന്ത്രാലയത്തിൽ ഉപദേഷ്ടാവായി പ്രവർത്തിച്ച റദ്വാൻ പിന്നീട് ആഫ്രിക്കൻ കാര്യങ്ങൾക്കായുള്ള സഹമന്ത്രിയുടെ ഓഫീസിലും ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചു. 2021ൽ വിദേശകാര്യ മന്ത്രിയുടെ ഓഫീസിൽ ഉപദേഷ്ടാവായി ചുമതലയേറ്റു.
2012 മുതൽ 2017 വരെ അഞ്ച് വർഷത്തിലധികം ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ സൗദി സ്ഥിരം ദൗത്യസംഘത്തിലും അവർ പ്രവർത്തിച്ചു. ഇതിന് മുമ്പ് കെയ്റോയിലെ അറബ് ലീഗിലെ സൗദി ദൗത്യസംഘത്തിലും വാഷിങ്ടണിലെ സൗദി എംബസിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോൺഗ്രഷണൽ, രാഷ്ട്രീയകാര്യങ്ങളിലും അവർ പ്രവർത്തിച്ചിരുന്നു.
പലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട സൗദിയുടെ നയതന്ത്ര നീക്കങ്ങളിലും റദ്വാൻ സജീവ പങ്കാളിയായിരുന്നു. 2025 മേയിൽ, പലസ്തീൻ പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനുമായി നടന്ന ഐക്യരാഷ്ട്രസഭയുടെ ഉന്നതതല അന്തർദേശീയ സമ്മേളനത്തിന്റെ തയ്യാറെടുപ്പ് യോഗത്തിൽ സൗദി പ്രതിനിധി സംഘത്തിന് അവർ നേതൃത്വം നൽകി. സൗദിയും ഫ്രാൻസും സംയുക്തമായി നേതൃത്വം നൽകിയ സംരംഭമായിരുന്നു ഇത്.
ജോർജ് വാഷിങ്ടൺ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസ് ആൻഡ് ഗവൺമെന്റിൽ ബിരുദവും ബിരുദാനന്തര ബിരുദവും റദ്വാൻ നേടിയിട്ടുണ്ട്. ജോർജ് മേസൺ സർവകലാശാലയിൽ നിന്ന് സമാധാന പഠനം, സംഘർഷ പരിഹാരം എന്നിവയിൽ മാസ്റ്റർ ബിരുദവും ഇതേ വിഷയത്തിൽ പിഎച്ച്ഡിയും നേടിയിട്ടുണ്ട്. കെയ്റോയിലെ അമേരിക്കൻ സർവകലാശാലയിൽ നിന്ന് അന്തർദേശീയ മനുഷ്യാവകാശ നിയമത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടിയിട്ടുണ്ട്.
തന്ത്രപ്രധാന വിദേശനയം, നയതന്ത്ര ചർച്ചകൾ, അന്തർദേശീയ സംരംഭങ്ങൾ, വിവിധ രാജ്യങ്ങളുമായും പ്രാദേശിക-അന്തർദേശീയ സംഘടനകളുമായുമുള്ള ഏകോപനം തുടങ്ങിയ മേഖലകളിലും റദ്വാൻ പ്രവർത്തിച്ചിട്ടുണ്ട്.
