റിയാദ്: സൗദി അറേബ്യയിൽ നിർമാണച്ചെലവ് സെപ്റ്റംബറിൽ വാർഷികാടിസ്ഥാനത്തിൽ 2.2 ശതമാനം വർധിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (ഗാസ്റ്റാറ്റ്) അറിയിച്ചു. താമസ കെട്ടിടങ്ങളുടെയും വാണിജ്യ-വാണിജ്യേതര കെട്ടിടങ്ങളുടെയും നിർമാണച്ചെലവിലുണ്ടായ വർധനയാണ് ഇതിന് കാരണം.
2025 സെപ്റ്റംബറിനെ അപേക്ഷിച്ച് വാണിജ്യേതര നിർമാണച്ചെലവ് 2.6 ശതമാനവും താമസ കെട്ടിടങ്ങളുടെ നിർമാണച്ചെലവ് 2.1 ശതമാനവും ഉയർന്നു.
ഉപകരണ വാടകയും തൊഴിലാളികളുടെ ചെലവും കൂടി
താമസ കെട്ടിട നിർമാണത്തിൽ അടിസ്ഥാന നിർമാണ സാമഗ്രികളുടെ വില 1.7 ശതമാനം വർധിച്ചു. മരത്തിന്റെയും മരപ്പണികളുടെയും വിലയിൽ 3.5 ശതമാനമാണ് വർധന. ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും വാടകച്ചെലവ് 4.1 ശതമാനം ഉയർന്നപ്പോൾ, ഓപ്പറേറ്ററോടുകൂടിയ ഉപകരണങ്ങളുടെ വാടക 5.5 ശതമാനം വർധിച്ചു. തൊഴിലാളികളുടെ ചെലവ് 1.5 ശതമാനവും ഊർജച്ചെലവ് 3 ശതമാനവും ഉയർന്നു.
വാണിജ്യേതര നിർമാണ മേഖലയിൽ ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും വാടകച്ചെലവിലാണ് ഏറ്റവും കൂടുതൽ വർധന രേഖപ്പെടുത്തിയത്—5.8 ശതമാനം. ഓപ്പറേറ്ററോടുകൂടിയ ഉപകരണങ്ങളുടെ വാടക 7.2 ശതമാനം വർധിച്ചു. തൊഴിലാളികളുടെ ചെലവ് 2 ശതമാനവും ഊർജച്ചെലവ് 3 ശതമാനവും ഉയർന്നു.
ഈ വിഭാഗത്തിൽ അടിസ്ഥാന നിർമാണ സാമഗ്രികളുടെ വില 1.8 ശതമാനം വർധിച്ചു. മറ്റ് നിർമാണ സാമഗ്രികളുടെ വില 4.3 ശതമാനവും മരത്തിന്റെയും മരപ്പണികളുടെയും വില 2.1 ശതമാനവും ഉയർന്നതാണ് പ്രധാന കാരണം.
ഓഗസ്റ്റിനെ അപേക്ഷിച്ച് മാറ്റമില്ല
അതേസമയം, ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറിൽ സൗദിയിലെ മൊത്തം നിർമാണച്ചെലവ് സൂചികയിൽ മാറ്റമുണ്ടായില്ല. താമസ, വാണിജ്യേതര നിർമാണ മേഖലകളിലെ ചെലവുകൾ പൊതുവെ സ്ഥിരത പുലർത്തിയതാണ് ഇതിന് കാരണം.
നിർമാണ മേഖലയിലെ 51 ചെലവിനങ്ങളിലെ വിലമാറ്റങ്ങളാണ് സൂചികയിൽ ഉൾപ്പെടുത്തുന്നത്. രാജ്യത്തെ 13 മേഖലകളിൽ നിന്ന് കരാറുകാരുടെ ഓഫീസുകൾ, എൻജിനീയറിങ് സ്ഥാപനങ്ങൾ, നിർമാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ച് പ്രതിമാസം വിവരങ്ങൾ ശേഖരിച്ചാണ് ഗാസ്റ്റാറ്റ് സൂചിക തയ്യാറാക്കുന്നത്. 2023 ആണ് സൂചികയുടെ അടിസ്ഥാന വർഷം.
