റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുള്ള അരാംകോയുടെ ഷൈബ എണ്ണപ്പാടത്തെ ലക്ഷ്യമിട്ട ഡ്രോൺ ആക്രമണശ്രമത്തിൽ രണ്ട് പ്രവാസികൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായതെന്ന് സൗദി ഊർജ മന്ത്രാലയം അറിയിച്ചു.
എണ്ണപ്പാടത്തെ സംസ്കരണ കേന്ദ്രങ്ങളിലൊന്നിനെ ലക്ഷ്യമിട്ട് എത്തിയ ഡ്രോണിനെ സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞതായി മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ആക്രമണശ്രമത്തെ തുടർന്ന് എണ്ണപ്പാടത്ത് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന കമ്പനിയുടെ വാഹനത്തിന് തീപിടിച്ചു. എന്നാൽ, സംഭവം എണ്ണപ്പാടത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
മരിച്ചവരിൽ ഒരാൾ ഫിലിപ്പീൻ സ്വദേശിയും മറ്റൊരാൾ നേപ്പാൾ സ്വദേശിയുമാണ്. പരിക്കേറ്റവരിൽ ഒരാൾ പാകിസ്താൻ സ്വദേശിയും മറ്റൊരാൾ ഇന്ത്യക്കാരനുമാണ്.
സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട അധികൃതർ ഉടൻ ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ മന്ത്രാലയം അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
