റിയാദ്: അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് മാസത്തിൽ സൗദി അറേബ്യയിൽ 108 സർക്കാർ ജീവനക്കാർ അറസ്റ്റിലായതായി ഓവർസൈറ്റ് ആൻഡ് ആന്റി-കറപ്ഷൻ അതോറിറ്റി (നസാഹ) അറിയിച്ചു. അറസ്റ്റിലായവരിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായും അതോറിറ്റി വ്യക്തമാക്കി.
സർക്കാർ സ്ഥാപനങ്ങളിലെ അഴിമതി തടയുന്നതിനും സുതാര്യതയും അഖണ്ഡതയും ഉറപ്പാക്കുന്നതിനുമായി ഓഗസ്റ്റ് മാസത്തിൽ നിരവധി ക്രിമിനൽ, ഭരണപരമായ കേസുകൾ നസാഹ രജിസ്റ്റർ ചെയ്തു.
മാസത്തിനിടെ 2,659 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായും ഇതിന്റെ ഭാഗമായി അഴിമതിക്കേസുകളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 352 സർക്കാർ ജീവനക്കാർക്കെതിരെ അന്വേഷണം നടത്തിയതായും നസാഹ അറിയിച്ചു.
അന്വേഷണത്തെ തുടർന്ന് ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, നീതിന്യായ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ് മന്ത്രാലയം എന്നിവിടങ്ങളിലെ 108 ജീവനക്കാരെയാണ് അറസ്റ്റ് ചെയ്തത്.
കൈക്കൂലി സ്വീകരിക്കൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ തുടങ്ങിയ ആരോപണങ്ങളാണ് അറസ്റ്റിലായ ജീവനക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്.
