റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിനുള്ള ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയുടെ സന്ദേശം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന് കൈമാറി.
ബുധനാഴ്ച റിയാദിലെ അൽ യമാമ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ ഈജിപ്ഷ്യൻ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ, വിദേശത്തുള്ള ഈജിപ്തുകാരുടെ കാര്യ മന്ത്രി ഡോ. ബദർ അബ്ദെലാത്തിയാണ് സന്ദേശം കൈമാറിയത്.
കൂടിക്കാഴ്ചയിൽ സൗദി–ഈജിപ്ത് ഉഭയകക്ഷി ബന്ധങ്ങൾ വിലയിരുത്തി. ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും മേഖലയിലെ പുതിയ സംഭവവികാസങ്ങളും ചർച്ച ചെയ്തു. പ്രാദേശിക വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും നേതാക്കൾ സംസാരിച്ചു.
സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസാഇദ് അൽ ഐബാൻ, ജനറൽ ഇന്റലിജൻസ് മേധാവി ഖാലിദ് അൽ ഹുമൈദാൻ തുടങ്ങിയവർ സൗദി ഭാഗത്തുനിന്ന് പങ്കെടുത്തു. ഈജിപ്ഷ്യൻ ജനറൽ ഇന്റലിജൻസ് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ ഹസൻ റഷാദും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
