റിയാദ്: മതപരവും ബൗദ്ധികവുമായ അവബോധം ശക്തിപ്പെടുത്തുന്നതിനും ശരിയായ ഇസ്ലാമിക വിശ്വാസധാര ഉറപ്പാക്കുന്നതിനുമായി സൗദി ഇസ്ലാമികകാര്യ, ദഅ്വാ, മാർഗനിർദേശ മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് അൽ ഷെയ്ഖ് ‘ബിൽഡിങ് ഫെയ്ത്ത്’ (Building Faith) പദ്ധതിക്ക് റിയാദിൽ തിങ്കളാഴ്ച തുടക്കം കുറിച്ചു.
സൗദിയിലെ എല്ലാ നഗരങ്ങളിലെയും ഗവർണറേറ്റുകളിലെയും പള്ളികളിലും നമസ്കാര ഹാളുകളിലും വർഷം മുഴുവൻ പദ്ധതി നടപ്പാക്കും. ശരിയായ വിശ്വാസധാര പ്രോത്സാഹിപ്പിക്കുന്നതിനും ഏകദൈവ വിശ്വാസം, മിതത്വം, സന്തുലിത സമീപനം എന്നിവ ശക്തിപ്പെടുത്തുന്നതിനുമായി വിദ്യാഭ്യാസ പരിപാടികൾ, പ്രഭാഷണങ്ങൾ, പഠന ക്ലാസുകൾ, ബോധവൽക്കരണ ലക്ചറുകൾ എന്നിവ സംഘടിപ്പിക്കും.
രാജ്യത്തെ വിവിധ മേഖലകളിലായി പദ്ധതിയുടെ ഭാഗമായി 156 ദഅ്വാ-ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ഓരോ മേഖലയിലും പ്രതിവർഷം 12 പ്രവർത്തനങ്ങൾ വീതമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
വർഷം മുഴുവൻ 1 കോടിയിലധികം പേർക്ക് നേരിട്ടും പരോക്ഷമായും പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു.
