റിയാദ്: അബ്ഷീർ (Absher) പ്ലാറ്റ്ഫോം വഴി മറ്റൊരാൾക്ക് നിയമപരമായ ഇലക്ട്രോണിക് അനുമതി (Electronic Authorization) നൽകി പൂർത്തിയാക്കാവുന്ന സേവനങ്ങളുടെ വിശദമായ പട്ടിക സൗദി പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് (ജവാസാത്ത്) പുറത്തുവിട്ടു. വ്യക്തികൾക്ക് തങ്ങൾക്ക് വേണ്ടി മറ്റൊരാളെ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ അബ്ഷീർ വഴി ഓൺലൈനായി ചുമതലപ്പെടുത്താനും, നൽകിയ അനുമതികൾ പരിശോധിക്കാനും റദ്ദാക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും.
ഡിപൻഡന്റുകളുടെ യാത്രാ അനുമതികൾ നേടാനും റദ്ദാക്കാനും, പാസ്പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ റിപ്പോർട്ട് ചെയ്യാനും, ഇഖാമ ഇഷ്യൂ ചെയ്യാനും പുതുക്കാനും ഈ ഇലക്ട്രോണിക് അനുമതി വഴി സാധിക്കും. കൂടാതെ പ്രിന്റ് ചെയ്ത ഇഖാമകൾ കൈപ്പറ്റുക, എക്സിറ്റ് റീ-എൻട്രി, ഫൈനൽ എക്സിറ്റ് വിസകൾ ഇഷ്യൂ ചെയ്യാനും റദ്ദാക്കാനും, ഇഖാമയോ പാസ്പോർട്ടോ നഷ്ടപ്പെട്ടാൽ അറിയിക്കുക, തൊഴിലാളികൾ ജോലിസ്ഥലത്ത് നിന്ന് ഒളിച്ചോടിയത് (ഹുറൂബ്) റിപ്പോർട്ട് ചെയ്യുക, ആശ്രിതരെ ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്യുക തുടങ്ങിയ കാര്യങ്ങൾക്കും ഈ സേവനം ഉപയോഗിക്കാം.
കുടുംബനാഥന്റെ ഡിപൻഡന്റ് സ്റ്റാറ്റസ് മാറ്റൽ, പ്രൊഫഷൻ മാറ്റം, സ്പോൺസർഷിപ്പ് മാറ്റം (തനാസുൽ), പാസ്പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യൽ, വിസിറ്റ് വിസ നീട്ടൽ, പാസ്പോർട്ട് ഇഷ്യൂ ചെയ്യാനും പുതുക്കാനും അത് സ്വീകരിക്കാനും, ‘പോയി തിരികെ വന്നില്ല’ (Left and not returned) സ്റ്റാറ്റസ് രജിസ്റ്റർ ചെയ്യൽ തുടങ്ങിയ സുപ്രധാന സേവനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇലക്ട്രോണിക് അനുമതി നൽകുന്നതിനായി ഇരുവിഭാഗങ്ങളുടെയും ഇഖാമയോ നാഷണൽ ഐഡിയോ സാധുതയുള്ളതായിരിക്കണം. കൂടാതെ, അപേക്ഷിക്കുന്ന സേവനത്തിന്റെ സ്വഭാവമനുസരിച്ച് ഇരുവർക്കും റെക്കോർഡുകളിൽ നിയമലംഘനങ്ങളോ സാമ്പത്തിക കുടിശ്ശികകളോ ഉണ്ടാകരുത്.
