റിയാദ്: മറ്റ് ജി.സി.സി (GCC) രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ വാഹനങ്ങൾക്ക് സൗദി അറേബ്യയിൽ തങ്ങാവുന്ന സമയപരിധി ക്രമീകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾക്ക് രാജ്യം അംഗീകാരം നൽകി. ഇതനുസരിച്ച് 365 ദിവസത്തിനിടയിൽ പരമാവധി 90 ദിവസം മാത്രമേ ഇത്തരം വാഹനങ്ങൾക്ക് സൗദിയിൽ തുടരാൻ അനുവാദമുണ്ടാകൂ. സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയും (ZATCA) ആഭ്യന്തര മന്ത്രാലയവും ചേർന്നാണ് പുതിയ നടപടിക്രമങ്ങൾക്ക് രൂപം നൽകിയത്. 2026 ഓഗസ്റ്റ് 26 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും.
നിലവിൽ സൗദിയിലുള്ള ജി.സി.സി വാഹനങ്ങൾക്ക് വിവരങ്ങൾ ക്രമപ്പെടുത്തുന്നതിനായി ഓഗസ്റ്റ് 26 മുതൽ നവംബർ 23 വരെ 90 ദിവസത്തെ സാവകാശം (Grace period) അനുവദിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ വാഹനം സൗദിക്ക് പുറത്തേക്ക് കൊണ്ടുപോകുകയോ, അല്ലെങ്കിൽ കസ്റ്റംസ് തീരുവയും നികുതിയും അടച്ച് വാഹനത്തിന് സൗദി ലൈസൻസ് പ്ലേറ്റ് നേടുകയോ ചെയ്യണം. സൗദി പൗരന്മാർ, പ്രവാസികൾ, പ്രീമിയം റെസിഡൻസി ഹോൾഡർമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ളതോ അവർ ഓടിക്കാൻ അനുമതി വാങ്ങിയതോ ആയ ജി.സി.സി വാഹനങ്ങൾക്ക് ഈ നിയമം ബാധകമാണ്. കസ്റ്റംസ് പോർട്ട് വഴി പ്രവേശിക്കുന്ന തീയതി മുതലാണ് 90 ദിവസത്തെ കാലാവധി കണക്കാക്കുന്നത്.
അവശ്യഘട്ടങ്ങളിൽ 90 ദിവസത്തെ അനുവദനീയമായ കാലാവധി തീരുന്നതിന് മുൻപ് അബ്ഷീർ (Absher) പോർട്ടൽ വഴി 30 ദിവസത്തേക്ക് കൂടി കാലാവധി ദീർഘിപ്പിക്കാൻ അപേക്ഷിക്കാം. എന്നാൽ കാലാവധി കഴിഞ്ഞ ശേഷമുള്ള അപേക്ഷകൾ സ്വീകരിക്കില്ല.
അനുവദിച്ച സമയപരിധി കഴിഞ്ഞും സൗദിയിൽ തുടരുന്ന വാഹനങ്ങൾക്ക് 1,000 റിയാൽ മുതൽ 2,000 റിയാൽ വരെ പിഴ ചുമത്തുകയും ലംഘനം പരിഹരിക്കുന്നത് വരെ വാഹനം പിടിച്ചെടുക്കുകയും ചെയ്യും. കൂടാതെ ടോവിംഗ്, ഇംപൗണ്ട് നിരക്കുകൾ വാഹന ഉടമ തന്നെ വഹിക്കേണ്ടി വരും. ഔദ്യോഗിക ഗസറ്റായ ഉമ്മുൽ ഖുറയിൽ പ്രസിദ്ധീകരിച്ച ഈ തീരുമാനം സൗദിയുടെ ഗതാഗത നിയമങ്ങളെ ബാധിക്കില്ലെന്നും അധികൃതർ അറിയിച്ചു.
