ഊർജസുരക്ഷയ്ക്ക് ശക്തമായ സംവിധാനങ്ങളും വിശ്വസ്ത പങ്കാളിത്തവും വേണം: സൗദി ഊർജമന്ത്രി
സിംഗപ്പൂർ: ഊർജസുരക്ഷ ഉറപ്പാക്കാൻ കൂടുതൽ കരുത്തുറ്റ സംവിധാനങ്ങളും തുടർച്ചയായ നിക്ഷേപവും വിശ്വസ്ത പങ്കാളിത്തവും അനിവാര്യമാണെന്ന് സൗദി ഊർജമന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു.
തിങ്കളാഴ്ച നടന്ന സിംഗപ്പൂർ അന്താരാഷ്ട്ര ഊർജവാരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധി ഘട്ടങ്ങളിൽ ഊർജവിതരണം തടസ്സമില്ലാതെ തുടരാൻ മുഴുവൻ വിതരണ സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ഏഷ്യൻ രാജ്യങ്ങളിലെ വ്യവസായ വളർച്ചയ്ക്കും നിക്ഷേപകരുടെ വിശ്വാസം നിലനിർത്തുന്നതിനും വിശ്വസനീയമായ ഊർജവിതരണം നിർണായകമാണ്. ഇത് ദീർഘകാല സാമ്പത്തിക വളർച്ചയ്ക്കും സമൃദ്ധിക്കും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഊർജ അടിസ്ഥാന സൗകര്യങ്ങളുടെയും വിതരണ ശൃംഖലകളുടെയും സുരക്ഷ ഉറപ്പാക്കാൻ ഉൽപാദക രാജ്യങ്ങളും ഉപഭോക്തൃ രാജ്യങ്ങളും അടുത്ത് സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഊർജമേഖലയിൽ കൂടുതൽ കരുത്തും സ്ഥിരതയും ഉറപ്പാക്കാൻ സിംഗപ്പൂരുമായും ഏഷ്യയിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയും പങ്കാളികളുമായും സഹകരിക്കാൻ സൗദി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
