റിയാദ്: സൗദി അറേബ്യയിൽ ഒരാഴ്ചയ്ക്കിടെ 14,260 അനധികൃത താമസക്കാരെ സുരക്ഷാ അധികൃതർ അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 13 മുതൽ 19 വരെ സുരക്ഷാ സേനയും വിവിധ സർക്കാർ ഏജൻസികളും സംയുക്തമായി നടത്തിയ പരിശോധനകളിലാണ് ഇത്രയും പേരെ പിടികൂടിയത്. ആഭ്യന്തര മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.
അറസ്റ്റിലായവരിൽ 6,900 പേർ റെസിഡൻസി നിയമം ലംഘിച്ചവരും 3,982 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,378 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്.
ഇതിനിടെ 13,724 നിയമലംഘകരെ നാടുകടത്തി. യാത്രാ രേഖകൾ ലഭിക്കുന്നതിനായി 18,808 പേരെ അവരുടെ നയതന്ത്ര ദൗത്യങ്ങളിലേക്കും യാത്രാ നടപടികൾ പൂർത്തിയാക്കുന്നതിനായി 5,386 പേരെ ബന്ധപ്പെട്ട വിഭാഗങ്ങളിലേക്കും റഫർ ചെയ്തു.
അതിർത്തി വഴി അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ 1,524 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ 63 ശതമാനം എത്യോപ്യൻ പൗരന്മാരും 36 ശതമാനം യെമൻ പൗരന്മാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യത്ത് നിന്ന് പുറത്തുകടക്കാൻ ശ്രമിച്ച 38 പേരെയും അറസ്റ്റ് ചെയ്തു.
നിയമലംഘകർക്ക് ഗതാഗതം, താമസം, ജോലി എന്നിവ ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകിയ 24 പേരെയും സുരക്ഷാ അധികൃതർ അറസ്റ്റ് ചെയ്തു. നിലവിൽ 29,961 പുരുഷന്മാരും 1,961 സ്ത്രീകളും ഉൾപ്പെടെ 31,922 പ്രവാസികൾ നിയമനടപടികൾ നേരിടുകയാണ്.
അനധികൃതമായി വ്യക്തികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയോ അവരെ രാജ്യത്തിനകത്ത് കടത്തിക്കൊണ്ടുപോകുകയോ അഭയമോ മറ്റ് സഹായങ്ങളോ നൽകുകയോ ചെയ്യുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളും അഭയം നൽകാൻ ഉപയോഗിക്കുന്ന വീടുകളും കണ്ടുകെട്ടുമെന്നും മന്ത്രാലയം വ്യക്തമാക്കി.
നിയമലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും രാജ്യത്തെ മറ്റ് പ്രദേശങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
