പ്രത്യയശാസ്ത്രങ്ങൾക്കെതിരെ പോരാടുന്നതിനുള്ള സൗദി ആഗോള കേന്ദ്രമായ ‘ഇഅ്തിദാലും’ (Etidal) ജനപ്രിയ സന്ദേശമയക്കൽ ആപ്പായ ടെലഗ്രാമും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലൂടെ 2026-ന്റെ ആദ്യ പകുതിയിൽ 3,42,90,268 തീവ്രവാദ ഉള്ളടക്കങ്ങൾ നീക്കംചെയ്തു. തീവ്രവാദ പ്രചാരണങ്ങൾക്കായി ഉപയോഗിച്ച 1,275 ചാനലുകൾ പൂട്ടിച്ചതായും അധികൃതർ അറിയിച്ചു. ഇന്റർനെറ്റിലെ തീവ്രവാദ പ്രചാരണങ്ങൾക്കെതിരായ ശക്തമായ പ്രതിരോധത്തിന്റെ ഭാഗമായാണ് ഈ നടപടി.
2022 ഫെബ്രുവരിയിൽ ആരംഭിച്ച ഈ കൂട്ടായ്മയിലൂടെ ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് ആകെ 29,25,97,845 തീവ്രവാദ ഉള്ളടക്കങ്ങളാണ് ഡിജിറ്റൽ ഇടങ്ങളിൽ നിന്ന് നീക്കം ചെയ്തത്. കൂടാതെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ച 20,362 ടെലഗ്രാം ചാനലുകൾ ഇതുവരെ പൂർണ്ണമായും അടച്ചുപൂട്ടിയിട്ടുണ്ട്.
ഡിജിറ്റൽ ലോകത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും തീവ്രവാദ ആശയങ്ങളുടെ വ്യാപനം തടയുന്നതിനും ഇരുവിഭാഗങ്ങളും തമ്മിലുള്ള സഹകരണം വലിയ അളവിൽ സഹായിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
