റിയാദ്: ഉയർന്ന അപകടസാധ്യതയുള്ളതും കൂടുതൽ ആളുകൾ തടിച്ചുകൂടുന്നതുമായ സ്ഥാപനങ്ങളുടെ ലൈസൻസുകൾ അനുവദിക്കുന്നതിനും പുതുക്കുന്നതിനും സഹകരണ തേർഡ് പാട്ടി ഇൻഷുറൻസ് നിർബന്ധമാണെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി. പൊതുസുരക്ഷ വർധിപ്പിക്കുന്നതിനും അപകടസാധ്യതകൾ തടയുന്നതിനുമുള്ള സിവിൽ ഡിഫൻസിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടി.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കെമിക്കൽ വെയർഹൗസുകൾ, ഉപയോഗിച്ച ഓയിൽ ശേഖരിക്കുന്ന കേന്ദ്രങ്ങൾ, അപകടകരമായ മെഡിക്കൽ മാലിന്യങ്ങൾ സൂക്ഷിക്കുന്ന സ്ഥലങ്ങൾ, തടി മൊത്തവ്യാപാര കേന്ദ്രങ്ങൾ, ജനറൽ വെയർഹൗസുകൾ, ടയർ ഗോഡൗണുകൾ, പെയിന്റ് നിർമ്മാണ ശാലകൾ, വ്യാവസായിക ഡിറ്റർജന്റ് നിർമ്മാണ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടും. നിർദ്ദിഷ്ട നിയമങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് ഈ സ്ഥാപനങ്ങൾക്ക് ലൈസൻസിംഗ് നടപടികൾ പൂർത്തിയാക്കുന്നതിന് ഇൻഷുറൻസ് പാക്കേജ് സ്വന്തമാക്കേണ്ടത് അത്യാവശ്യമാണ്.
സ്ഥാപനങ്ങൾ അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും, വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും, അപകടങ്ങൾ മൂലം ഉണ്ടാകാനിടയുള്ള സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാനുമാണ് ഈ നിബന്ധനയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾ ലൈസൻസ് അനുവദിക്കുന്നതിനോ പുതുക്കുന്നതിനോ അപേക്ഷിക്കുന്നതിന് മുൻപ് തന്നെ ഇൻഷുറൻസ് നിബന്ധനകൾ പൂർത്തിയാക്കണമെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
