ജസാൻ: അതിർത്തി സുരക്ഷാ നിയമം ലംഘിച്ച ആറ് എത്യോപ്യൻ പൗരന്മാരെ സൗദിയിലേക്ക് കടത്തിയെന്ന കേസിൽ സുഡാൻ പൗരനെ ജസാൻ മേഖലയിലെ മുജാഹിദീൻ ജനറൽ അഡ്മിനിസ്ട്രേഷന്റെ പട്രോളിംഗ് വിഭാഗം അറസ്റ്റ് ചെയ്തു.
നിയമലംഘകരെ കടത്താൻ ഉപയോഗിച്ച വാഹനത്തിൽ ആറ് എത്യോപ്യൻ പൗരന്മാരെയാണ് കണ്ടെത്തിയത്. അറസ്റ്റിലായ സുഡാൻ പൗരനെ തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. എത്യോപ്യൻ പൗരന്മാരെ ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.
അതിർത്തി സുരക്ഷാ നിയമം ലംഘിക്കുന്നവരെ സൗദിയിലേക്ക് പ്രവേശിപ്പിക്കുന്നതിനും അവരെ കടത്തുന്നതിനും അഭയം നൽകുന്നതിനും ഏതെങ്കിലും തരത്തിലുള്ള സഹായം നൽകുന്നതിനും 15 വർഷം വരെ തടവും 10 ലക്ഷം സൗദി റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാം. നിയമലംഘകരെ കടത്താൻ ഉപയോഗിച്ച വാഹനം കണ്ടുകെട്ടുന്നതിനും കുറ്റക്കാരുടെ പേരുകൾ സ്വന്തം ചെലവിൽ പ്രാദേശിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിനും വ്യവസ്ഥയുണ്ട്.
ഇത്തരം കുറ്റകൃത്യങ്ങൾ ഗുരുതരമായ കുറ്റമായി കണക്കാക്കുമെന്ന് മുജാഹിദീൻ ജനറൽ അഡ്മിനിസ്ട്രേഷൻ വക്താവ് വ്യക്തമാക്കി.
താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കാം. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996 എന്ന നമ്പറിലും വിവരമറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
റിപ്പോർട്ട് ചെയ്യുന്നവരുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും റിപ്പോർട്ടർമാർക്ക് യാതൊരു നിയമബാധ്യതയും ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.
