റിയാദ്: വരുന്ന ഓഗസ്റ്റ് 23 ഞായറാഴ്ച സൗദി അറേബ്യയിലുടനീളമുള്ള പൊതുവിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കമാകാനിരിക്കെ, വിദ്യാർത്ഥികളുടെ സ്കൂൾ മാറ്റത്തിനായുള്ള ഓൺലൈൻ സേവനങ്ങൾക്ക് വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗികമായി തുടക്കം കുറിച്ചു. നിശ്ചിത നിബന്ധനകൾക്കും നടപടിക്രമങ്ങൾക്കും വിധേയമായി രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ നിലവിലുള്ള സ്കൂളുകളിൽ നിന്ന് മറ്റ് സ്കൂളുകളിലേക്ക് മാറ്റുന്നതിനാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
യൂണിഫൈഡ് ലോഗിൻ സിസ്റ്റം അല്ലെങ്കിൽ നാഷണൽ യൂണിഫൈഡ് ആക്സസ് (നഫാത്) വഴി മന്ത്രാലയത്തിന്റെ സർവീസ് പോർട്ടലിൽ പ്രവേശിച്ച് രക്ഷിതാക്കൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. മാറ്റാൻ ആഗ്രഹിക്കുന്ന കുട്ടികളെ തിരഞ്ഞെടുത്ത്, മുൻഗണന നൽകുന്ന പുതിയ സ്കൂളുകൾ രേഖപ്പെടുത്തി അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. തുടര്ന്ന് അപേക്ഷ എഡ്യൂക്കേഷൻ അഡ്മിനിസ്ട്രേഷനിലെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറുകയും, ഒഴിവുകളുടെ ലഭ്യത പരിശോധിച്ച് നേരിട്ട് വിദ്യാലയങ്ങൾ സന്ദർശിക്കേണ്ട ആവശ്യമില്ലാതെ തന്നെ മന്ത്രാലയം മാറ്റത്തിന് ഔദ്യോഗിക അംഗീകാരം നൽകുകയും ചെയ്യും.
താമസസ്ഥലത്തിന് തൊട്ടടുത്തുള്ള സ്കൂളുകളിലേക്ക് മാറ്റം എളുപ്പമാക്കുന്നതിലൂടെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സാമുഹികവും മാനസികവുമായ ക്ഷേമം ഉറപ്പുവരുത്തുകയാണ് ഈ സേവനത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
