മക്ക: 2027ലെ ഹജ്ജ് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾക്ക് സൗദി അറേബ്യ തുടക്കമിട്ടു. ഇതിന്റെ ഭാഗമായി ലോകത്തെ 75ലധികം രാജ്യങ്ങളിലെ ഹജ്ജ് കാര്യാലയങ്ങളുമായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം പ്രാരംഭ ചർച്ചകൾ ആരംഭിച്ചു.
തീർഥാടകരുടെ യാത്ര കൂടുതൽ സുഗമമാക്കുക, സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, വിവിധ രാജ്യങ്ങളുമായുള്ള ഏകോപനം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് നേരത്തെയുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി യോഗങ്ങൾ നടത്തുന്നത്.
അടുത്ത ഹജ്ജ് സീസണിനുള്ള ഒരുക്കങ്ങളും വിവിധ രാജ്യങ്ങളിലെ ഹജ്ജ് കാര്യാലയങ്ങളുടെ പ്രവർത്തന പദ്ധതികളും യോഗങ്ങളിൽ വിലയിരുത്തും. ഹജ്ജ് നടപടികൾക്ക് ബാധകമായ പ്രധാന നിർദേശങ്ങളും ചട്ടങ്ങളും ചർച്ച ചെയ്യുന്നതിനൊപ്പം, ഹജ്ജ് കാര്യാലയങ്ങൾ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ പരിഗണിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും.
അംഗീകരിച്ച സമയക്രമം അനുസരിച്ച് ഹജ്ജ് ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനും തീർഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനുമാണ് നടപടികൾ.
തീർഥാടകരെ സേവിക്കുന്നതിനും അവരുടെ യാത്ര സുഗമമാക്കുന്നതിനുമായി ലഭ്യമായ എല്ലാ വിഭവങ്ങളും പ്രയോജനപ്പെടുത്തണമെന്ന സൗദി നേതൃത്വത്തിന്റെ നിർദേശങ്ങളുടെ ഭാഗമായാണ് 2027 ഹജ്ജിനായുള്ള ആദ്യഘട്ട ഒരുക്കങ്ങൾ ആരംഭിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.
സൗദി വിഷൻ 2030ന്റെയും പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാമിന്റെയും ലക്ഷ്യങ്ങൾക്കനുസൃതമായി ഹജ്ജ് കാര്യാലയങ്ങളുമായും ബന്ധപ്പെട്ട അധികൃതരുമായും ഏകോപനം ശക്തിപ്പെടുത്തുക, തയ്യാറെടുപ്പിന്റെ നിലവാരം ഉയർത്തുക, സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
അതേസമയം, മക്ക ഡെപ്യൂട്ടി ഗവർണർ പ്രിൻസ് സൗദ് ബിൻ മിഷാൽ ജിദ്ദ എയർപോർട്സ് കമ്പനി സി.ഇ.ഒ മസൻ ജോഹറുമായി കൂടിക്കാഴ്ച നടത്തി. കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഈ വർഷത്തെ പ്രവർത്തന പ്രകടനവും പ്രധാന നേട്ടങ്ങളും കൂടിക്കാഴ്ചയിൽ വിലയിരുത്തി.
കഴിഞ്ഞ ഉംറ, ഹജ്ജ് സീസണുകളിലെ പ്രവർത്തന ഫലങ്ങളും വിമാനത്താവളത്തിലെ വികസന പദ്ധതികളും ഭാവി പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. വിമാനത്താവളത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികളും വിലയിരുത്തി.
ഡെപ്യൂട്ടി ഗവർണർക്ക് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, ഈ വർഷം ജനുവരി മുതൽ ജൂലൈ അവസാനം വരെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം 2.855 കോടി യാത്രക്കാരെ കൈകാര്യം ചെയ്തു. ഈ കാലയളവിൽ 1,69,900 വിമാന സർവീസുകളാണ് വിമാനത്താവളം കൈകാര്യം ചെയ്തത്.
