റിയാദ്: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി, നിലവിലെ സ്കൂളിൽ നിന്ന് മറ്റൊരു സ്കൂളിലേക്ക് കുട്ടികളെ മാറ്റാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്കായി സൗദി വിദ്യാഭ്യാസ മന്ത്രാലയം ഓൺലൈൻ ട്രാൻസ്ഫർ സേവനം ആരംഭിച്ചു.
ഓഗസ്റ്റ് 23 ഞായറാഴ്ച മുതൽ രാജ്യത്തെ പൊതുവിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷത്തിനായുള്ള ക്ലാസുകൾ ആരംഭിക്കാനിരിക്കെയാണ് പുതിയ സംവിധാനം നിലവിൽ വന്നത്.
ഏകീകൃത ലോഗിൻ സംവിധാനമായ നാഷണൽ യൂണിഫൈഡ് ആക്സസ് വഴി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സേവന പോർട്ടലിൽ പ്രവേശിച്ച് രക്ഷിതാക്കൾക്ക് ട്രാൻസ്ഫർ അപേക്ഷ സമർപ്പിക്കാം. വിദ്യാർത്ഥിയെ തിരഞ്ഞെടുക്കുകയും ഇഷ്ടമുള്ള പുതിയ സ്കൂൾ വ്യക്തമാക്കുകയും ആവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്തി അപേക്ഷ പൂർത്തിയാക്കുകയും ചെയ്യാം.
അപേക്ഷ ലഭിച്ച ശേഷം ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പ്, തെരഞ്ഞെടുത്ത സ്കൂളുകളിൽ ഒഴിവുകൾ ലഭ്യമാണോയെന്ന് പരിശോധിക്കും. അംഗീകാരം ലഭിച്ചാൽ രക്ഷിതാക്കൾ നേരിട്ട് സ്കൂൾ സന്ദർശിക്കേണ്ടതില്ലാതെ തന്നെ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കാനാകും.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ സൗകര്യമൊരുക്കുന്നതിനും താമസസ്ഥലത്തിന് സമീപമുള്ള സ്കൂളുകളിൽ പ്രവേശനം ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ നടപടികളുടെ ഭാഗമായാണ് ഓൺലൈൻ ട്രാൻസ്ഫർ സേവനം ആരംഭിച്ചിരിക്കുന്നത്.
