റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ എയർലൈൻ കമ്പനികളും സ്വകാര്യ വിമാനക്കമ്പനികളും യാത്രക്കാരുടെ യാത്രാരേഖകൾ കൃത്യമായി പരിശോധിക്കണമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) നിർദേശം നൽകി.സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിനും രാജ്യത്ത് നിന്ന് പുറത്തുകടക്കുന്നതിനും യാത്രക്കാരുടെ അന്തിമ ലക്ഷ്യസ്ഥാനത്തേക്കോ ട്രാൻസിറ്റ് വിമാനത്താവളങ്ങളിലേക്കോ എത്തുന്നതിനും ആവശ്യമായ രേഖകൾ കൈവശമുണ്ടെന്ന് വിമാനക്കമ്പനികൾ ഉറപ്പാക്കണം. ഇതുമായി ബന്ധപ്പെട്ടാണ് GACA പുതിയ സർക്കുലർ പുറത്തിറക്കിയത്.യാത്ര പുറപ്പെടുന്ന രാജ്യം, ലക്ഷ്യരാജ്യം, ട്രാൻസിറ്റ് രാജ്യം എന്നിവിടങ്ങളിലെ പ്രവേശനം, പുറപ്പെടൽ, ട്രാൻസിറ്റ് എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ യാത്രാനിബന്ധനകൾ ഔദ്യോഗിക മാർഗങ്ങളിലൂടെയോ അംഗീകൃത ചട്ടങ്ങളിലൂടെയോ പരിശോധിക്കണമെന്നും GACA നിർദേശിച്ചു.യാത്രക്കാരെ വിമാനത്തിൽ കയറ്റുന്നതിന് മുമ്പ് തന്നെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ലക്ഷ്യരാജ്യവും ട്രാൻസിറ്റ് രാജ്യങ്ങളും ആവശ്യപ്പെടുന്ന രേഖകൾ യാത്രക്കാരുടെ കൈവശമുണ്ടെന്ന് ഉറപ്പാക്കുകയും വേണം.GACA പുറപ്പെടുവിക്കുന്ന എല്ലാ സർക്കുലറുകളും ഉത്തരവുകളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും അതോറിറ്റി വിമാനക്കമ്പനികൾക്ക് നിർദേശം നൽകി.
