റിയാദ്: ദീർഘകാലമായി കഴിക്കുന്ന ചില മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ പെട്ടെന്ന് നിർത്തുന്നത് ഗുരുതരമായപിൻവാങ്ങൽ ലക്ഷണങ്ങൾക്ക് (Withdrawal symptoms) കാരണമാകുമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) മുന്നറിയിപ്പ് നൽകി. മരുന്നുകൾ നിർത്തുന്നതിന് മുമ്പ് നിർബന്ധമായും ഡോക്ടറെയോ ഫാർമസിസ്റ്റിനെയോ സമീപിച്ച് ഉപദേശം തേടണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. ചില മരുന്നുകളുടെ അളവ് ഘട്ടം ഘട്ടമായി കുറച്ചുകൊണ്ട് മാത്രമേ പൂർണ്ണമായി നിർത്താൻ പാടുള്ളൂ.
പെട്ടെന്ന് നിർത്തിയാൽ പ്രശ്നമാകുന്ന പ്രധാന മരുന്നുകൾ:
വിഷാദരോഗത്തിനുള്ള മരുന്നുകൾ (Antidepressants)
അപസ്മാരത്തിനുള്ള മരുന്നുകൾ (Anti-seizure drugs)
ഉറക്കഗുളികകളും ശാന്തത നൽകുന്ന മരുന്നുകളും (Sedatives and sleeping pills)
ചിലതരം വേദനാസംഹാരികൾ (Painkillers)
ബി.പി / ഹൃദ്രോഗ മരുന്നുകൾ (Beta blockers)
കോർട്ടികോസ്റ്റീറോയ്ഡ് അടങ്ങിയ മരുന്നുകൾ (Corticosteroid-containing medicines)
മാനസികാരോഗ്യത്തിനുള്ള മരുന്നുകൾ (Antipsychotic drugs)
ശ്രദ്ധിക്കേണ്ട പിൻവാങ്ങൽ ലക്ഷണങ്ങൾ:
ഇത്തരം മരുന്നുകൾ പെട്ടെന്ന് നിർത്തുമ്പോൾ തലവേദന, തലകറക്കം അല്ലെങ്കിൽ സന്തുലിതാവസ്ഥ നഷ്ടപ്പെടൽ, ഉത്കണ്ഠ, അസ്വസ്ഥത, വിറയൽ, ക്ഷീണം, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ തുടങ്ങിയ പ്രയാസങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ആരോഗ്യപരമായ സങ്കീർണതകൾ ഒഴിവാക്കാൻ ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രം മരുന്നുകളിൽ മാറ്റം വരുത്തണമെന്ന് SFDA ഓർമ്മിപ്പിച്ചു.
