ദോഹ- ഹമദ് അന്താരാഷ്ട്ര
വിമാനത്താവളത്തിൽ നിന്നും വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി നൽകാനുള്ള ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പല കമ്പനികളും സർവീസ് ആരംഭിച്ചു. ഇന്നലെ മുതൽ ഫ്ലൈദുബായ് സർവീസ് ആരംഭിച്ചതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി അധികൃതർ അറിയിച്ചു. ഫെബ്രുവരി 28 ന് ആരംഭിച്ച ഇറാൻ അമേരിക്ക യുദ്ധത്തെ തുടർന്ന് ഹമദ് വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ നിർത്തിവെക്കുകയായിരുന്നു. ആഴ്ചകൾക്ക് ശേഷം ഖത്തർ എയർവെയ്സ് സർവീസുകൾ പുനരാരംഭിച്ചങ്കിലും സുരക്ഷാ കണക്കിലെടുത്ത് വിദേശ വിമാന കമ്പനികൾക്ക് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി അനുമതി നൽകിയിരുന്നില്ല
രണ്ട് ദിവസം മുമ്പാണ് ഹമദ് വിമാനത്താവളത്തിൽ നിന്നുള്ള വിദേശ വിമാന കമ്പനികളുടെ സർവീസ് ഘട്ടം ഘട്ടമായി പുനസ്ഥാപിക്കുമെന്ന് സിവിൽ അതോറിറ്റി അധികൃതർ വ്യക്തമാക്കിയത്.
ഇതിനെ തുടർന്ന് ദോഹയിലേക്കും ദോഹയിൽ നിന്നുമുള്ള സർവീസുകൾ ഫ്ലൈദുബായ് പുനരാരംഭിച്ചു. തുടർ ദിവസങ്ങളിൽ സർവീസ് ആരംഭിക്കുന്ന എയർലൈൻസും അവരുടെ ആരംഭ തീയതികളും:
2026 ഏപ്രിൽ 22 – എയർ അറേബിയ
2026 ഏപ്രിൽ 23 – ഒമാൻ എയർ,
റോയൽ ജോർഡാനിയൻ, ടാർക്കോ
ഏവിയേഷൻ, യു.എസ്.-ബംഗ്ല
എയർലൈൻസ്
2026 ഏപ്രിൽ 26 – മിഡിൽ ഈസ്റ്റ് എയർലൈൻസ്
2026 ഏപ്രിൽ 28 – ഹിമാലയ എയർലൈൻസ്.
എന്നാൽ ഇന്ത്യൻ വിമാന കമ്പനികൾ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല. അതേസമയം എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള സർവീസ് മെയ് ഒന്നുമുതൽ ആരംഭിക്കുമെന്നാണ് അറിയുന്നത്. ഈ റൂട്ടിലേക്കുള്ള ടിക്കറ്റുകൾ ഇപ്പോൾ ട്രാവൽ ഏജൻസി കളിലും മറ്റും ലഭ്യമാണ്.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി സർവീസ് നടത്തുന്ന വിമാന കമ്പനികളുടെ ടിക്കറ്റ് ബുക്കിംഗുകൾക്കും വിമാന ഷെഡ്യൂളുകൾക്കും, യാത്രക്കാർ ബന്ധപ്പെട്ട എയർലൈൻസുമായി നേരിട്ട് ബന്ധപ്പെടണമെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അറിയിച്ചു. “ഞങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള സാഹചര്യങ്ങൾ കാരണം ഷെഡ്യൂളുകൾ മാറ്റങ്ങളോ റദ്ദാക്കലുകളോ ഉണ്ടായേക്കാം” എന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി.



















Leave a Reply