റിയാദ്: കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ഡിജിറ്റൽ ബന്ധം ശക്തമാക്കാൻ ലക്ഷ്യമിടുന്ന ഈസ്റ്റ് ടു മെഡ് ഡാറ്റ കോറിഡോർ (ഇഎംസി) കടലിനടിയിലെ കേബിൾ പദ്ധതിയുടെ പുരോഗതിയിൽ സൗദി അറേബ്യയും ഗ്രീസും സംതൃപ്തി രേഖപ്പെടുത്തി. നിശ്ചയിച്ച സമയത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്നും ഇരു രാജ്യങ്ങളും വ്യക്തമാക്കി.
ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോതാകിസിന്റെ സൗദി സന്ദർശനത്തിന് സമാപനമായി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സന്ദർശനത്തിനിടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി ഗ്രീക്ക് പ്രധാനമന്ത്രി വിശദമായ ചർച്ചകൾ നടത്തി.
ആഗോള എണ്ണവിപണിയുടെ സ്ഥിരതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിൽ സൗദി അറേബ്യ വഹിക്കുന്ന പ്രധാന പങ്കിനെ ഗ്രീസ് അഭിനന്ദിച്ചു. എണ്ണ ഉൽപാദകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണകരമായ രീതിയിൽ ഊർജവിപണിയിൽ സന്തുലിതാവസ്ഥ നിലനിർത്താനുള്ള സൗദിയുടെ ഇടപെടലുകളെയും പ്രശംസിച്ചു.
അന്താരാഷ്ട്ര സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഇരു രാജ്യങ്ങളും ചൂണ്ടിക്കാട്ടി. ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ വിതരണത്തെയും വിപണിയുടെ സ്ഥിരതയെയും ബാധിക്കുമെന്ന് അവർ ആശങ്ക പ്രകടിപ്പിച്ചു. ഈസ്റ്റ്–വെസ്റ്റ് പൈപ്പ്ലൈൻ ഉൾപ്പെടെയുള്ള ബദൽ കയറ്റുമതി മാർഗങ്ങളിലൂടെ ഊർജ വിതരണം തടസ്സമില്ലാതെ തുടരാൻ സൗദി നടത്തുന്ന ശ്രമങ്ങളെയും ഗ്രീസ് അഭിനന്ദിച്ചു.
2022ൽ ഊർജമേഖലയിൽ ഒപ്പുവെച്ച സഹകരണ ധാരണയുടെ ഭാഗമായി സൗദി–ഗ്രീസ് വൈദ്യുതി ബന്ധിപ്പിക്കൽ പദ്ധതി വേഗത്തിലാക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. സൗദിയുടെ വൈദ്യുതി ശൃംഖലയെ ഗ്രീസിലൂടെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. വൈദ്യുതി കൈമാറ്റത്തിനും കയറ്റുമതിക്കും ഇതിലൂടെ വഴിയൊരുങ്ങും. പരസ്പരം ബന്ധിപ്പിച്ച വൈദ്യുതി ശൃംഖലകളുടെ സുരക്ഷയും വിശ്വാസ്യതയും വർധിപ്പിക്കാനും പദ്ധതി സഹായിക്കും.
നിക്ഷേപ, വ്യാപാര മേഖലകളിലെ സഹകരണവും ശക്തമാക്കും. സൗദിയിലെ എക്സ്പോ 2030, 2034 ഫിഫ ലോകകപ്പ് എന്നിവയുമായി ബന്ധപ്പെട്ട വൻകിട പദ്ധതികളിൽ ഗ്രീക്ക് കമ്പനികൾക്ക് നിക്ഷേപാവസരങ്ങൾ തേടാമെന്ന് സൗദി അറിയിച്ചു. സൗദി കമ്പനികൾക്ക് ഗ്രീസിലും നിക്ഷേപം നടത്താൻ അവസരങ്ങളുണ്ടെന്ന് ഗ്രീക്ക് പക്ഷം വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2021നു ശേഷം വളർച്ച രേഖപ്പെടുത്തി. 2025ൽ ഇത് ഏകദേശം 170 കോടി ഡോളറിലെത്തി. അടിസ്ഥാന സൗകര്യം, നിർമാണം, ഊർജം, ഡിജിറ്റൽ ബന്ധം, ഗതാഗതം, ചരക്കുനീക്കം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ നിക്ഷേപം വർധിപ്പിക്കാനും ഇരു രാജ്യങ്ങളും ധാരണയിലെത്തി.
