റിയാദ്: തങ്ങളെ ‘അൻസാറുല്ല’ (ദൈവത്തിന്റെ സഹായികൾ) എന്ന് വിശേഷിപ്പിക്കുമ്പോഴും, വിശുദ്ധ ഇസ്ലാമിന്റെയും പ്രവാചകന്റെയും അനുയായികളുടെയും കടുത്ത ശത്രുക്കളായി മാറിയിരിക്കുകയാണ് ഹൂത്തി വിമതർ. ഭൂമിയിലെ മുഴുവൻ മുസ്ലീങ്ങളുടെയും ഖിബ്ലയായ മക്കയിലെ കഅബാലയത്തെയും മദീനയിലെ പ്രവാചക പള്ളിയെയും ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതിലൂടെ വൻ അപരാധമാണ് ഹൂത്തികൾ ചെയ്തിരിക്കുന്നത്. സൗദി അറേബ്യക്ക് നേരെയുള്ള ആക്രമണം എന്നതിലുപരി, ആഗോള മുസ്ലീം സമൂഹത്തിന് നേരെയും ഇസ്ലാമിന്റെ ആത്മാവിന് നേരെയുമുള്ള തുറന്ന യുദ്ധപ്രഖ്യാപനമാണിത്. അമേരിക്കയ്ക്കും യഹൂദന്മാർക്കും എതിരെ മുദ്രാവാക്യം വിളിക്കുന്നവർ സ്വന്തം സഹോദരങ്ങളായ യമനികളെയും അയൽരാജ്യത്തെ നിരപരാധികളെയും കൊന്നൊടുക്കുകയാണ് ചെയ്യുന്നത്.
ഈ മാസം റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ഭീകരാക്രമണത്തിന്റെ ഭീതിജനകമായ ഓർമ്മകൾ ഇന്നും മാഞ്ഞുപോയിട്ടില്ല. ഉംറ തീർത്ഥാടനത്തിനും ജോലിക്കുമായി വിമാനത്തിൽ കയറാൻ കാത്തുനിന്ന നിരപരാധികളായ യാത്രാക്കാർക്ക് മേലാണ് മിസൈലുകളും ഡ്രോണുകളും വർഷിക്കപ്പെട്ടത്. 13 പേർ കൊല്ലപ്പെടുകയും 300 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഈ ആക്രമണത്തിന്റെ വ്യാപ്തി സൗദി നാഷണൽ ഗാർഡ് മന്ത്രാലയം പുറത്തുവിട്ട ഡോക്യുമെന്ററിയിലൂടെ ലോകം കണ്ടതാണ്. തുടർന്നുണ്ടായ അഞ്ച് ദിവസത്തെ തുടർച്ചയായ ആക്രമണങ്ങളിൽ ആകെ 18 പേർ കൊല്ലപ്പെടുകയും 333 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കൊല്ലപ്പെട്ടവരിൽ സൗദി പൗരന്മാരായ തഖ്വ റദ്വാൻ, ലമീസ് അസീരി, മുനീറ അൽ അനസി, മർയം ഇബ്രാഹിം സുലൈമാൻ അൽ നംല എന്നിവരും 28 കാരിയായ ഈജിപ്ഷ്യൻ എയർ ഹോസ്റ്റസ് അസ്സ റംസി, രണ്ടു മക്കളുടെ പിതാവായ ജോർദാനിയൻ പൗരൻ മുഹമ്മദ് ഹുസൈൻ അൽ ബർഖാവി, ആറ് മക്കളുടെ പിതാവായ ഫലസ്തീൻ പൗരൻ തലാൽ അൽ ദാനി, കുടുംബത്തോടൊപ്പം ഉംറയ്ക്കെത്തിയ ഇന്ത്യൻ ഐ.ടി എൻജിനീയർ മുഹമ്മദ് യൂസഫ് അലി, ഒരു അമേരിക്കൻ പൗരൻ എന്നിവരും ഉൾപ്പെടുന്നു. ഇവർ യുദ്ധം ചെയ്യാൻ വന്നവരായിരുന്നില്ല, മറിച്ച് ദൈവ സന്നിധിയിലേക്ക് യാത്രതിരിച്ച നിരപരാധികളായ മനുഷ്യരായിരുന്നു.
ഹൂത്തികളുടെ പ്രവർത്തനം എല്ലാ മാനദണ്ഡങ്ങളും ലംഘിക്കുന്ന ഭീകരവാദമാണെന്നും, ദാഇഷ് (ISIS), അൽഖാഇദ എന്നിവയേക്കാൾ അപകടകരമായ തലത്തിലേക്കാണ് ഇവർ എത്തിയിരിക്കുന്നതെന്നും സൗദി മുതിർന്ന പണ്ഡിത സഭ വ്യക്തമാക്കി. ദൈവത്തോടും പ്രവാചകനോടും യുദ്ധം പ്രഖ്യാപിച്ച് ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്ന ഇത്തരക്കാർക്കെതിരെ ആഗോള മുസ്ലീം സമൂഹം ഒന്നിക്കണമെന്ന് പണ്ഡിത സഭ ആഹ്വാനം ചെയ്തു. ജി.സി.സി (GCC) രാജ്യങ്ങളും ഹൂത്തി ഭീകരതയെ ശക്തമായ ഭാഷയിൽ അപലപിക്കുകയും ഇവരെ അന്താരാഷ്ട്ര ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഇതിനകം തന്നെ ഹൂത്തികളെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ പാർലമെന്റും ബ്രിട്ടീഷ് ഹൗസ് ഓഫ് ലോർഡ്സും സമാനമായ നടപടികൾ സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തിവരികയാണ്. യമനിൽ കുഞ്ഞുങ്ങളെ സൈന്യത്തിൽ ചേർക്കുകയും സ്വന്തം ജനതയെ പട്ടിണിക്കിടുകയും ചെയ്ത ഭീകരർ, ചെങ്കടലിലെ അന്താരാഷ്ട്ര കപ്പൽ ചാലുകളെയും ആക്രമിക്കുകയാണ്. ദൈവത്തിന്റെ നാമം ദുരുപയോഗം ചെയ്യുന്ന ഇവർ ‘അൻസാറുല്ല’ അല്ല, മറിച്ച് ‘അൻസാറുശ്ശൈത്താൻ’ (പിശാചിന്റെ സഹായികൾ) ആണെന്ന് തെളിയിച്ചിരിക്കുകയാണ്. നിരപരാധികളുടെ രക്തത്തിന് ഹൂത്തികളെക്കൊണ്ട് കണക്കുപറയിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്ന ആവശ്യവും ശക്തമാകുന്നു.
