മക്ക:ഹജ് നിയമ, നിർദേശങ്ങൾ ലംഘിച്ച് വിസിറ്റ് വിസക്കാരനെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച പ്രവാസിയെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്ന ഈജിപ്ഷ്യൻ യുവാവാണ് പിടിയിലായത്. നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കാൻ ഇരുവരെയും പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി. നിയമ ലംഘനം നടത്താൻ യുവാവ് ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദുൽഖഅ്ദ ഒന്നു മുതൽ ദുൽഹജ് 14 വരെയുള്ള ദിവസങ്ങളിൽ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും വിസിറ്റ് വിസക്കാരെ കൊണ്ടുപോകുന്നവർക്ക് 1,00,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഏതെങ്കിലും തരത്തിലുള്ള സന്ദർശന വിസ ഉടമകളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വാഹനവും കണ്ടുകെട്ടും. ഹജ് നിയമ, നിർദേശങ്ങൾ പാലിക്കാനും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതരുമായി സഹകരിക്കാനും ആഭ്യന്തര മന്ത്രാലയം എല്ലാവരോടും അഭ്യർഥിച്ചു. ഈ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് നിയമപരമായ ശിക്ഷകൾ ലഭിക്കും. ഹജ് നിയമ ലംഘകരെ കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
വിസിറ്റ് വിസക്കാരനെ മക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമം; പ്രവാസി പിടിയിൽ



















Leave a Reply