തെഹ്റാൻ – ഇറാനെതിരായ ആക്രമണങ്ങൾ തുടരുന്നിടത്തോളം കാലം വെടിനിർത്തലിൽ എത്തിച്ചേരാൻ സാധ്യതയില്ലെന്ന് ഇറാൻ വിദേശ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ്. ഇറാൻ സ്വയം പ്രതിരോധിക്കുന്നത് തുടരും.
അമേരിക്ക ദുർബലമായ ന്യായീകരണങ്ങൾ ഉപയോഗിച്ച് ആക്രമണത്തെ ന്യായീകരിക്കാൻ ശ്രമിക്കുകയാണ്. നമ്മെ ഭിന്നിപ്പിക്കാനും ദുർബലപ്പെടുത്താനും അല്ലാതെ യുദ്ധത്തിന് മറ്റൊരു കാരണമോ ന്യായീകരണമോ ഇല്ല.
ഇറാൻ ജനതയെ പൈശാചികവൽക്കരിക്കാനും അവരെ ഭിന്നിപ്പിക്കാനും അവരുടെ ഇച്ഛാശക്തി തകർക്കാനും ശ്രമിക്കുന്നവരുണ്ടെന്ന് ഇസ്‌മായിൽ ബഗായ് പറഞ്ഞു.
ഇറാൻ ശത്രുക്കളുടെ ശവപ്പറമ്പായി മാറും. അമേരിക്ക ഇറാൻ എണ്ണ സ്രോതസ്സുകൾ പിടിച്ചെടുക്കാൻ ശ്രമിക്കുകയും രാജ്യത്തെ ദുർബലപ്പെടുത്താനും തകർക്കാനും ലക്ഷ്യമിടുകയും ചെയ്യുന്നു എന്നതിൽ സംശയമില്ല. നിലവിൽ രാജ്യത്തെ എല്ലാ ശ്രമങ്ങളും അമേരിക്കൻ-ഇസ്രായിൽ ആക്രമണത്തെ നേരിടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ കാരണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ഇപ്പോൾ അപകടത്തിലാണ്. ആക്രമണങ്ങൾ തുടരുന്നിടത്തോളം, പ്രതിരോധത്തെ കുറിച്ചും ശത്രുവിന് തിരിച്ചടി നൽകുന്നതിനെ കുറിച്ചും അല്ലാതെ മറ്റൊന്നിനെ കുറിച്ചും സംസാരിക്കുന്നതിൽ അർഥമില്ലെന്ന്, വെടിനിർത്തലിന്റെ സാധ്യതയെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
മേഖലയിലെ അമേരിക്കൻ ഇടപെടൽ കുഴപ്പങ്ങൾ സൃഷ്‌ടിക്കുകയും മിഡിൽ ഈസ്റ്റിനെ അസ്ഥിരപ്പെടുത്തുകയും ചെയ്തു.
അസർബൈജാനെയോ തുർക്കിയെയോ ലക്ഷ്യമിട്ട് ഇറാൻ ആക്രമണത്തിന് ശ്രമിച്ചിട്ടില്ല. അയൽ രാജ്യങ്ങളുമായുള്ള നല്ല ബന്ധത്തിന് ഇറാൻ ആഗ്രഹിക്കുന്നു.
സൈപ്രസിലെ വിദേശ സൈനിക താവളങ്ങളിൽ ഒന്നിൽ ആക്രമണം നടത്തിയ പ്രൊജക്ടെൽ ഇറാനിൽ നിന്നുള്ളതല്ലെന്ന് സൈപ്രസ് വ്യക്തമാക്കിയിട്ടുണ്ട്. നിലപാടുകളും തീരുമാനങ്ങളും എടുക്കുന്നതിൽ അയൽ രാജ്യങ്ങൾ തിരക്കുകൂട്ടരുത്.
ഇറാൻ ഭൂപ്രദേശത്തിന് നേരെ ആക്രമണം നടത്തുന്ന ഏതൊരു സ്ഥലത്തെയും ഇറാൻ ലക്ഷ്യമിടും. യുദ്ധത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് പങ്കുണ്ടെന്നും ഇസ്‌മായിൽ ബഗായ് വ്യക്തമാക്കി.
ഇറാനെതിരായ സൈനിക നടപടി കൂടുതൽ ആഴ്ചചകൾ തുടരുമെന്ന് അമേരിക്കയും ഇസ്രായിലും വ്യക്തമാക്കിയിട്ടുണ്ട്. സംഘർഷം രൂക്ഷമാകുന്നതിൻ്റെ അപകടത്തെ കുറിച്ചുള്ള അന്താരാഷ്ട്ര മുന്നറിയിപ്പുകൾ ശക്തമായി. ഇറാൻ സേന, പ്രത്യേകിച്ച് റെവല്യൂഷണറി ഗാർഡ്, ഏറ്റുമുട്ടൽ ആറ് മാസം നീണ്ടുനിന്നാലും പോരാട്ടം തുടരാനുള്ള തങ്ങളുടെ നിശ്ചയദാർഢ്യം ആവർത്തിച്ചു.


















Leave a Reply