കേന്ദ്ര സർക്കാർ 1980-ലെ പാസ്പോർട്ട് ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഇതനുസരിച്ച് പുതിയ പാസ്പോർട്ടുകൾക്കും തത്കാൽ സേവനങ്ങൾക്കുമുള്ള ഫീസ് ഘടനയിൽ വലിയ വർധനവാണ് വരുത്തിയിരിക്കുന്നത്.
പരിഷ്കരിച്ച പുതിയ നിരക്കുകൾ വരും ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.
36 പേജുകളുള്ള പുതിയ പാസ്പോർട്ടിനും പുതുക്കി നൽകുന്നതിനുമുള്ള ഫീസ് 1,500 രൂപയിൽ നിന്ന് 2,500 രൂപയായി ഉയർത്തി. ഇതേ വിഭാഗത്തിൽ തത്കാൽ സേവനത്തിനുള്ള ഫീസ് 3,500 രൂപയിൽ നിന്ന് 5,000 രൂപയായാണ് വർധിപ്പിച്ചത്.
60 പേജുകളുള്ള പുതിയതോ പുതുക്കി നൽകുന്നതോ ആയ പാസ്പോർട്ടുകളുടെ അപേക്ഷാ ഫീസ് 2,000 രൂപയിൽ നിന്ന് 3,500 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ തത്കാൽ സേവനത്തിനായി അപേക്ഷകർ ഇനി മുതൽ 6,000 രൂപ നൽകണം. മുൻപ് ഇത് 4,000 രൂപയായിരുന്നു.
“1967-ലെ പാസ്പോർട്ട് നിയമത്തിലെ (15 ഓഫ് 1967) 24-ാം വകുപ്പ് പ്രകാരം നൽകിയിട്ടുള്ള അധികാരം വിനിയോഗിച്ച്, കേന്ദ്ര സർക്കാർ 1980-ലെ പാസ്പോർട്ട് ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നു. ഈ ചട്ടങ്ങളെ ‘പാസ്പോർട്ട് (ഭേദഗതി) ചട്ടങ്ങൾ, 2026’ എന്ന് വിളിക്കാം. ഇവ 2026 ജൂലൈ ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വരും,” വിദേശകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു.
സീരിയൽ നമ്പർ I(a) പ്രകാരം നൽകുന്ന പാസ്പോർട്ടുകളുടെ കാലാവധി പത്ത് വർഷത്തിൽ കൂടാൻ പാടില്ലെന്നും, സീരിയൽ നമ്പർ I(b) പ്രകാരം നൽകുന്നവയുടെ കാലാവധി അഞ്ച് വർഷമോ അല്ലെങ്കിൽ അപേക്ഷകന് 18 വയസ്സ് തികയുന്നത് വരെയോ (ഏതാണോ ആദ്യം) ആയിരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
8 വയസ്സ് വരെയുള്ള കുട്ടികൾക്കും 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും പുതിയ പാസ്പോർട്ട് അപേക്ഷകളിൽ (പുതുക്കലുകൾക്ക് ബാധകമല്ല) ഫീസിൽ 10 ശതമാനം ഇളവ് ലഭിക്കും.
അതേസമയം, ഇന്ത്യൻ പാസ്പോർട്ട് എന്നത് അന്താരാഷ്ട്ര യാത്രകൾക്കുള്ള ഒരു രേഖ മാത്രമാണെന്നും പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്നും വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര യാത്രകൾ അനുവദിക്കുക, വിദേശത്ത് വ്യക്തിത്വം തെളിയിക്കുക എന്നിവയാണ് പാസ്പോർട്ടിന്റെ പ്രാഥമിക ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
