റിയാദ്: 2026ലെ ആദ്യ ആറ് മാസത്തിനിടെ ഇസ്തിത്ലാ പൊതുചർച്ചാ പ്ലാറ്റ്ഫോമിലൂടെ ലഭിച്ച 500ലേറെ നിർദേശങ്ങൾ സൗദി സർക്കാർ ഏജൻസികൾ കരട് നിയമങ്ങളിലും ചട്ടങ്ങളിലും ഉൾപ്പെടുത്തി.
സാമ്പത്തിക, വികസന മേഖലകളുമായി ബന്ധപ്പെട്ട 209 കരട് ചട്ടങ്ങളാണ് 54 സർക്കാർ സ്ഥാപനങ്ങൾ ഇക്കാലയളവിൽ പൊതുചർച്ചയ്ക്കായി പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിച്ചത്. ഇതിന് 8,475 അഭിപ്രായങ്ങളും നിർദേശങ്ങളും ലഭിച്ചു. പ്ലാറ്റ്ഫോമിന് ഏകദേശം 16 ലക്ഷം സന്ദർശനങ്ങളും രേഖപ്പെടുത്തി.
ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ചില പിഴകളും ഫീസുകളും കുറയ്ക്കുകയും ചില നിയന്ത്രണങ്ങളും വ്യവസ്ഥകളും ഒഴിവാക്കുകയോ പരിഷ്കരിക്കുകയോ ചെയ്തു. ചില ചട്ടങ്ങളുടെ പ്രാബല്യ പരിധിയും നടപ്പാക്കൽ കാലയളവും മാറ്റുകയും ചെയ്തു.
2020ൽ ആരംഭിച്ച ഇസ്തിത്ലാ പ്ലാറ്റ്ഫോമിൽ ഇതുവരെ 2,279 കരട് പദ്ധതികൾ പ്രസിദ്ധീകരിക്കുകയും 81,000 അഭിപ്രായങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. 2.3 ലക്ഷത്തിലേറെ അക്കൗണ്ടുകളാണ് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
