റിയാദ്: സൗദി അറേബ്യയിൽ വാണിജ്യ മറച്ചുവെക്കൽ (Commercial Concealment) നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനകളിൽ ഓഗസ്റ്റിൽ 239 സംശയാസ്പദ കേസുകൾ കണ്ടെത്തി. ദേശീയ വാണിജ്യ മറച്ചുവെക്കൽ വിരുദ്ധ പരിപാടിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി 5,161 പരിശോധനാ റെയ്ഡുകളാണ് നടത്തിയത്.
കണ്ടെത്തിയ കേസുകളിൽ ഉൾപ്പെട്ടവരെ തുടർ അന്വേഷണത്തിനും നിയമനടപടികൾക്കും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു. നിയമലംഘകർക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കും.
വാണിജ്യ മറച്ചുവെക്കൽ വിരുദ്ധ നിയമപ്രകാരം പരമാവധി അഞ്ച് വർഷം വരെ തടവും 50 ലക്ഷം സൗദി റിയാൽ വരെ പിഴയും ലഭിക്കാം. കൂടാതെ, കോടതി അന്തിമ വിധി പുറപ്പെടുവിച്ച ശേഷം നിയമവിരുദ്ധമായി സമ്പാദിച്ച പണം പിടിച്ചെടുക്കുകയും കണ്ടുകെട്ടുകയും ചെയ്യും.
സ്ഥാപനം അടച്ചുപൂട്ടുക, വ്യാപാര പ്രവർത്തനം ലിക്വിഡേറ്റ് ചെയ്യുക, വാണിജ്യ രജിസ്ട്രേഷൻ റദ്ദാക്കുക, വ്യാപാര പ്രവർത്തനം നടത്തുന്നതിന് വിലക്കേർപ്പെടുത്തുക തുടങ്ങിയ അനുബന്ധ ശിക്ഷകളും നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സകാത്ത്, ഫീസ്, നികുതി എന്നിവ ഈടാക്കുന്നതിനൊപ്പം നിയമലംഘനം പരസ്യപ്പെടുത്താനും വ്യവസ്ഥയുണ്ട്.
വാണിജ്യ മറച്ചുവെക്കലിൽ ഏർപ്പെട്ട വിദേശികളെ സൗദിയിൽ നിന്ന് നാടുകടത്തുകയും തൊഴിൽ ആവശ്യത്തിനായി രാജ്യത്തേക്ക് തിരിച്ചുവരുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്യും.
വാണിജ്യ സ്ഥാപനങ്ങൾ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വാണിജ്യ മറച്ചുവെക്കൽ വിരുദ്ധ നിയമത്തിലെ കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും കണ്ടെത്തുന്നതിനുമാണ് പരിശോധനകൾ നടത്തിയത്. പൂക്കളുടെയും റോസാപ്പൂക്കളുടെയും റീട്ടെയിൽ വിൽപ്പന, ട്രാവൽ-ടൂറിസം ഏജൻസികൾ, കാറ്ററിങ് സേവനങ്ങളുള്ള റെസ്റ്റോറന്റുകൾ, ഈന്തപ്പഴ വിൽപ്പന, അലങ്കാര സസ്യ-തൈ നഴ്സറികൾ, വനിതകളുടെ അബായകളും രോമവസ്ത്രങ്ങളും വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിലാണ് പരിശോധന നടന്നത്.
