റിയാദ്: സൗദി അറേബ്യയിൽ ആദ്യമായി സംഘടിപ്പിക്കുന്ന WTM Spotlight Riyadhന്റെ തന്ത്രപ്രധാന പങ്കാളിയായി സൗദി ടൂറിസം മന്ത്രാലയത്തെ പ്രഖ്യാപിച്ചു. ടൂറിസം വളർച്ച വേഗത്തിലാക്കുക, അന്തർദേശീയ സഹകരണം ശക്തിപ്പെടുത്തുക, സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകുക എന്നീ മേഖലകളിലെ ഇരു വിഭാഗങ്ങളുടെയും പ്രതിബദ്ധതയാണ് പങ്കാളിത്തത്തിലൂടെ വ്യക്തമാകുന്നത്.
2026 സെപ്റ്റംബർ 8 മുതൽ 10 വരെ റിയാദ് ഫ്രണ്ട് എക്സിബിഷൻ ആൻഡ് കോൺഫറൻസ് സെന്ററിൽ (RFECC) നടക്കുന്ന WTM Spotlight Riyadh, ലോകത്തെ സൗദിയുമായി ബന്ധിപ്പിക്കുന്നതിനും സൗദിയെ ആഗോള ടൂറിസം മേഖലയുമായി കൂടുതൽ അടുപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്തതാണ്.
ടൂറിസം കേന്ദ്രങ്ങൾ, ടൂറിസം അതോറിറ്റികൾ, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ, വിമാനക്കമ്പനികൾ, ട്രാവൽ ടെക്നോളജി കമ്പനികൾ, നിക്ഷേപകർ, ഉപഭോക്താക്കൾ, വ്യവസായ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. സൗദിയിലെ അതിവേഗം വളരുന്ന ടൂറിസം മേഖലയിലെ പുതിയ ബിസിനസ് അവസരങ്ങൾ കണ്ടെത്തുന്നതിനുള്ള വേദിയായും പരിപാടി മാറും.
വിഷൻ 2030യുടെ ഭാഗമായി സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്റെ പ്രധാന ഘടകമായി ടൂറിസം മേഖലയെ സൗദി ഉയർത്തിക്കാട്ടുന്നുണ്ട്. ദശാബ്ദത്തിന്റെ അവസാനത്തോടെ രാജ്യത്തിന്റെ ജിഡിപിയുടെ 10 ശതമാനം ടൂറിസം മേഖലയിൽനിന്ന് ലഭ്യമാക്കുകയും പ്രതിവർഷം 15 കോടി ആഭ്യന്തര-അന്തർദേശീയ സന്ദർശകരെ സ്വീകരിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ട്രാവൽ, ടൂറിസം രംഗത്തെ പ്രമുഖരും അന്തർദേശീയ ഹോസ്റ്റഡ് ബയേഴ്സും ഉൾപ്പെടെ സന്ദർശകരെയും പ്രദർശകരെയും ആദ്യ WTM Spotlight Riyadh ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയുടെ ഇൻബൗണ്ട് ടൂറിസം ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകുന്നതിനൊപ്പം രാജ്യത്തിന്റെ ഉയർന്ന മൂല്യമുള്ള ഔട്ട്ബൗണ്ട് ട്രാവൽ വിപണിയിലേക്ക് അന്തർദേശീയ സ്ഥാപനങ്ങൾക്ക് പ്രവേശനം ഒരുക്കാനും പരിപാടി ലക്ഷ്യമിടുന്നു.
B2B2C മാതൃകയിൽ ട്രാവൽ, ടൂറിസം മേഖലയിലെ വിവിധ വിഭാഗങ്ങളെ ഒരുമിപ്പിക്കുന്ന വേദിയായാണ് WTM Spotlight Riyadh വിഭാവനം ചെയ്തിരിക്കുന്നത്. നിക്ഷേപം പ്രോത്സാഹിപ്പിക്കുക, അന്തർദേശീയ പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുക, ടൂറിസം മേഖലയിലെ സഹകരണത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയിലൂടെ വിഷൻ 2030ന്റെ ടൂറിസം ലക്ഷ്യങ്ങൾക്ക് പരിപാടി പിന്തുണ നൽകും.
WTM Spotlight Riyadhയുടെ ആദ്യ പതിപ്പിന് സൗദി ടൂറിസം മന്ത്രാലയവുമായുള്ള തന്ത്രപ്രധാന പങ്കാളിത്തം നിർണായക ഘട്ടമാണെന്ന് RX റീജിയണൽ പോർട്ട്ഫോളിയോ ഡയറക്ടർ ഡാനിയേൽ കർട്ടിസ് പറഞ്ഞു. ആഗോള ടൂറിസത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ സൗദിയുടെ പങ്ക് കൂടുതൽ ശക്തമാക്കാനുള്ള രാജ്യത്തിന്റെ അഭിലാഷമാണ് പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നതെന്നും അവർ വ്യക്തമാക്കി.
