റിയാദ്: നിർമാണ പ്രവർത്തനങ്ങളിൽ നിന്നുള്ള പൊടിപടല മലിനീകരണം നിയന്ത്രിക്കുന്നതിനായി സൗദി അറേബ്യയിൽ റിയാദ് നഗരത്തിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കി. നിയമലംഘനം നടത്തുന്ന നിർമാണ പദ്ധതികൾക്കെതിരെ ആകെ 2 കോടി സൗദി റിയാൽ പിഴ ചുമത്തുന്നതായി ദേശീയ പരിസ്ഥിതി അനുസരണ കേന്ദ്രം (NCEC) അറിയിച്ചു.
നിർമാണ പ്രവർത്തനങ്ങളിൽ നിന്നുള്ള പൊടി മൂലമുള്ള മലിനീകരണം കുറയ്ക്കുകയും റിയാദിലെ വായു ഗുണനിലവാരം മെച്ചപ്പെടുത്തുകയുമാണ് നടപടിയുടെ ലക്ഷ്യം.
റിയാദ് NCEC ശാഖാ ഡയറക്ടർ ഫവാസ് അൽ-മുജ്തഹിൽ പറഞ്ഞു, റിയാദ് സിറ്റി റോയൽ കമ്മീഷന്റെയും റിയാദ് മേയറൽറ്റിയുടെയും സഹകരണത്തോടെയാണ് പരിശോധനകൾ നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച നടപടിക്രമ മാർഗനിർദേശത്തിലെ വ്യവസ്ഥകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പരിശോധനകൾ ശക്തമാക്കിയത്.
നിയമലംഘനങ്ങൾ കണ്ടെത്തുകയും അവ പരിഹരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് നിയമനടപടികളിലേക്ക് കടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നിർമാണ പദ്ധതികളിൽ 24 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും നിരീക്ഷണം തുടരുന്നുണ്ട്. നിർമാണ പ്രവർത്തനങ്ങളിൽ നിന്നുള്ള പൊടിയുടെ ഉറവിടങ്ങൾ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും ഇതിലൂടെ സാധിക്കും.
വായു ഗുണനിലവാരം നിരീക്ഷിക്കുന്നതിനായി റിയാദ് മേഖലയിലുടനീളം 12 സ്ഥിരം നിരീക്ഷണ സ്റ്റേഷനുകളും നാല് മൊബൈൽ സ്റ്റേഷനുകളും പ്രവർത്തിക്കുന്നുണ്ട്. ഇവ 22 വ്യത്യസ്ത വായു ഗുണനിലവാര ഘടകങ്ങൾ നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു.
അംഗീകൃത മാനദണ്ഡങ്ങളിൽ നിന്ന് വ്യതിചലിക്കുന്ന മലിനീകരണ തോത് കണ്ടെത്താനും നിയമലംഘനങ്ങൾ തിരിച്ചറിയാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും ഈ സംവിധാനം സഹായിക്കുന്നു.
റിയാദ് മേഖലയിലെ പ്രധാന നിർമാണ പദ്ധതികളായ ദിരിയ ഗേറ്റ്, അൽ-മുറബ്ബ പദ്ധതി എന്നിവയ്ക്ക് സമീപമുള്ള പ്രദേശങ്ങൾക്ക് മുൻഗണന ലഭിക്കുന്ന തരത്തിലാണ് നിരീക്ഷണ സ്റ്റേഷനുകൾ പുനഃക്രമീകരിച്ചിരിക്കുന്നത്.
