റിയാദ്: രാജ്യത്തിന്റെ ഡിജിറ്റൽ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വാണിജ്യ ഡാറ്റാ സെന്ററുകൾക്കായി പുതിയ നഗരസഭാ ചട്ടങ്ങൾ സൗദി അറേബ്യയിലെ നഗരസഭാ-ഭവന മന്ത്രാലയം അംഗീകരിച്ചു. അതിവേഗം വളരുന്ന ഡാറ്റാ സെന്റർ മേഖലയിലെ നിക്ഷേപത്തിനും പ്രവർത്തനങ്ങൾക്കും കൂടുതൽ വ്യക്തമായ മാനദണ്ഡങ്ങൾ കൊണ്ടുവരികയാണ് ലക്ഷ്യം.
രാജ്യത്തുടനീളം ഏകീകൃത മാനദണ്ഡങ്ങൾ നടപ്പാക്കി ഡാറ്റാ സെന്ററുകളുടെ സ്ഥാപനം, വികസനം, പ്രവർത്തനം എന്നിവ കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ ചട്ടങ്ങൾ.
സർക്കാർ-സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്ക് ഡാറ്റ കൈകാര്യം ചെയ്യാനും പ്രോസസ്സ് ചെയ്യാനും സംഭരിക്കാനും ഡിജിറ്റൽ സേവനങ്ങളുടെ തുടർച്ചയും കാര്യക്ഷമതയും ഉറപ്പാക്കാനും ഡാറ്റാ സെന്ററുകൾ നിർണായക അടിസ്ഥാനസൗകര്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
നഗരപരിധിക്കുള്ളിലോ പുറത്തോ പ്രവർത്തിക്കുന്ന സ്വതന്ത്ര വാണിജ്യ ഡാറ്റാ സെന്ററുകൾക്ക് പുതിയ ചട്ടങ്ങൾ ബാധകമാണ്. പ്രവർത്തന-പരിപാലന സംഘങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന സ്ഥലത്തായിരിക്കണം ഇത്തരം കേന്ദ്രങ്ങൾ. വൈദ്യുതി, ടെലികമ്യൂണിക്കേഷൻ, ഗതാഗതം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും ഉറപ്പാക്കണം.
കെട്ടിട നിർമാണ ചട്ടങ്ങൾ, പാർക്കിങ്, കെട്ടിടങ്ങൾ തമ്മിലുള്ള നിശ്ചിത അകലം, കെട്ടിടത്തിന്റെ ഉയരം, ലാൻഡ്സ്കേപ്പിങ് തുടങ്ങിയ മാനദണ്ഡങ്ങളും ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിക്കുന്ന മറ്റ് ചട്ടങ്ങളും പാലിക്കണം.
ലൈസൻസ് ലഭിക്കുന്നതിന് സിവിൽ ഡിഫൻസ് അംഗീകാരം, ലൈസൻസ് ചെയ്യേണ്ട പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന സാധുവായ വാണിജ്യ രജിസ്ട്രേഷൻ, ബന്ധപ്പെട്ട പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്ന അധികാരിയുടെ അനുമതി എന്നിവ നിർബന്ധമാണ്. ലൈസൻസ് അനുവദിക്കൽ, പുതുക്കൽ, ഭേദഗതി, സസ്പെൻഡ് ചെയ്യൽ, റദ്ദാക്കൽ എന്നിവ മുനിസിപ്പൽ ലൈസൻസിങ് നടപടിക്രമ നിയമത്തിനും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങൾക്കും അനുസരിച്ചായിരിക്കും.
വാണിജ്യ ഡാറ്റാ സെന്ററുകൾ സൗദി ബിൽഡിങ് കോഡ് പാലിക്കണം. ഡിസൈൻ, നിർമാണ മേൽനോട്ടം എന്നിവ അംഗീകൃത എൻജിനീയറിങ് സ്ഥാപനങ്ങൾ വഴിയാണ് നടത്തേണ്ടത്.
നിർമാണവും ഡിസൈനും, അഗ്നിസുരക്ഷാ സംവിധാനങ്ങൾ, കൂളിങ് സംവിധാനങ്ങൾ, വൈദ്യുതി വിതരണം, ബാക്കപ്പ് സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രാദേശികവും അന്തർദേശീയവുമായ ബാധകമായ മാനദണ്ഡങ്ങളും പാലിക്കണം. ഡാറ്റാ സെന്ററുകളുടെ പ്രവർത്തന വിശ്വാസ്യതയും സേവന തുടർച്ചയും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കെട്ടിടത്തിന്റെ മുൻഭാഗവും മൊത്തത്തിലുള്ള രൂപകൽപ്പനയും, ലൈറ്റിങ്, നിലകളും സീലിങ്ങുകളും, ഭിന്നശേഷിക്കാർക്കുള്ള പ്രവേശന സൗകര്യങ്ങൾ, കാലാനുസൃത പരിപാലനം, മാലിന്യസംസ്കരണം, സുരക്ഷാ നിരീക്ഷണ സംവിധാനങ്ങൾ തുടങ്ങിയവയ്ക്കും പുതിയ ചട്ടങ്ങളിൽ വ്യവസ്ഥകളുണ്ട്.
ഡാറ്റാ സെന്ററുകളിലെ നിയന്ത്രണ വിവരങ്ങളും രേഖകളും ലഭ്യമാക്കുന്ന ഏകീകൃത ഇലക്ട്രോണിക് കോഡ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കുകയും വേണം.
പുതിയ ചട്ടങ്ങൾ ഡാറ്റാ സെന്റർ മേഖലയ്ക്ക് കൂടുതൽ വിശ്വാസ്യതയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനൊപ്പം നിക്ഷേപവും വിവരസാങ്കേതിക മേഖലയിലെ നവീകരണവും പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഡിജിറ്റൽ സേവനങ്ങളുടെ വിപുലീകരണത്തിനനുസരിച്ച് രാജ്യത്തിന്റെ ഡിജിറ്റൽ അടിസ്ഥാനസൗകര്യം വികസിപ്പിക്കാനും ഇത് സഹായിക്കും.
ചട്ടങ്ങൾ പ്രസിദ്ധീകരിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരും. നിക്ഷേപകരും ബന്ധപ്പെട്ട മേഖലയിലെ സ്ഥാപനങ്ങളും അംഗീകരിച്ച നിയന്ത്രണ, സാങ്കേതിക, പ്രവർത്തന മാനദണ്ഡങ്ങൾ പരിശോധിച്ച് കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
