റിയാദ്: സൗദി അറേബ്യയിൽ ഭക്ഷ്യ, ജല സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയും (SFDA) സൗദി വാട്ടർ അതോറിറ്റിയും (SWA) ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി സിഇഒ ഡോ. ഹിഷാം അൽ ജദ്ഹിയും സൗദി വാട്ടർ അതോറിറ്റി പ്രസിഡന്റ് എൻജിനീയർ അബ്ദുല്ല അൽ അബ്ദുൽ കരീമുമാണ് കരാറിൽ ഒപ്പുവെച്ചത്.
ഇരുസ്ഥാപനങ്ങളും തമ്മിലുള്ള സഹകരണവും പ്രവർത്തന ഏകോപനവും ശക്തിപ്പെടുത്തുന്നതിനാണ് പുതിയ കരാർ ലക്ഷ്യമിടുന്നത്.
പഠനങ്ങൾ, ശാസ്ത്രീയ ഗവേഷണങ്ങൾ, ലബോറട്ടറി പരിശോധനകൾ, നിയമങ്ങളും ചട്ടങ്ങളും വികസിപ്പിക്കൽ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും സഹകരണം നടപ്പാക്കുക.
ഇരുസ്ഥാപനങ്ങൾക്കും നിലവിലുള്ള ആധുനിക ലബോറട്ടറികളും സാങ്കേതിക സൗകര്യങ്ങളും പരസ്പരം പ്രയോജനപ്പെടുത്തുന്നതിനും ഗവേഷണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും കരാർ സഹായിക്കും.
ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും തയ്യാറാക്കുക, നിലവിലുള്ള ചട്ടങ്ങൾ അവലോകനം ചെയ്യുക, ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പാക്കുക എന്നിവയും സഹകരണത്തിന്റെ ഭാഗമാണ്.
കൂടാതെ, ഇരുസ്ഥാപനങ്ങളും തമ്മിൽ സാങ്കേതിക അറിവുകളും അനുഭവങ്ങളും കൈമാറുന്നതിനും മികച്ച അന്താരാഷ്ട്ര പ്രവർത്തനരീതികൾ പഠിച്ച് നടപ്പാക്കുന്നതിനും ധാരണയായിട്ടുണ്ട്.
ഇതിലൂടെ സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കാനും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും പരിശോധന, നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭക്ഷ്യ, ജല മേഖലകളിലെ നിയന്ത്രണ സംവിധാനങ്ങളുടെ കാര്യക്ഷമതയും നിയമാനുസൃത പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിനൊപ്പം സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുകയാണ് പുതിയ കരാറിന്റെ ലക്ഷ്യം.
