പാരീസ്: എക്സ്പോ 2030 റിയാദിൽ പങ്കെടുക്കുന്നതിനുള്ള ഔദ്യോഗിക Participation Contract ഒപ്പുവെക്കുന്ന ആദ്യ രാജ്യമായി ഫ്രാൻസ് മാറി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ ഫ്രാൻസ് സന്ദർശനത്തോടനുബന്ധിച്ചാണ് പാരീസിൽ കരാർ ഒപ്പുവച്ചത്.
എക്സ്പോയുടെ ആറുമാസത്തെ കാലയളവിൽ ഫ്രാൻസിന്റെ പങ്കാളിത്തത്തിനുള്ള ഔദ്യോഗിക ചട്ടക്കൂടാണ് കരാർ സ്ഥാപിക്കുന്നത്. ഫ്രാൻസ് പവിലിയന് അനുവദിച്ചിരിക്കുന്ന സ്ഥലം, വിസ്തീർണം, പവിലിയന്റെ പ്രമേയം, സന്ദർശകർക്കും ബിസിനസ് സമൂഹത്തിനുമായി ഒരുക്കുന്ന അനുഭവങ്ങളുടെ പ്രധാന ആശയങ്ങൾ എന്നിവ കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്.
സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനും BIE സെക്രട്ടറി ജനറൽ ദിമിത്രി എസ്. കെർകെന്റ്സെസും ചടങ്ങിൽ പങ്കെടുത്തു. എക്സ്പോ 2030 റിയാദ് സിഇഒ തലാൽ അൽ-മാരിയും ഫ്രഞ്ച് എക്സിബിഷൻസ് കമ്പനിയായ COFREX ചെയർമാൻ ജാക് മെയറും ചേർന്നാണ് Participation Contract ഒപ്പുവെച്ചത്.
ഫ്രാൻസ് ആദ്യ രാജ്യമായി കരാറിൽ ഒപ്പുവെച്ചത് എക്സ്പോ 2030 റിയാദിലെ അന്താരാഷ്ട്ര പങ്കാളിത്തത്തിന് ലഭിക്കുന്ന വേഗതയുടെ പ്രധാന സൂചനയാണെന്ന് തലാൽ അൽ-മാരി പറഞ്ഞു. ലോക എക്സ്പോകളിലെ ഫ്രാൻസിന്റെ ദീർഘകാല പരിചയവും സംസ്കാരം, നവീകരണം, സന്ദർശക അനുഭവങ്ങൾ എന്നിവയിലെ വൈദഗ്ധ്യവും എക്സ്പോയ്ക്ക് വലിയ സംഭാവന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘അണ്ടർ വൺ സ്കൈ’ എന്ന പ്രമേയത്തിലാണ് ഫ്രാൻസ് പവിലിയൻ ഒരുക്കുന്നത്. ‘Planet’ ജില്ലയിലാണ് പവിലിയൻ സ്ഥിതിചെയ്യുക. ആകാശം, ഭൂമി, അഗ്നി, ജലം എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന പവിലിയനിലൂടെ ഫ്രഞ്ച് സൃഷ്ടിപരത, സാങ്കേതികവിദ്യ, നവീകരണം, പരിസ്ഥിതി സംരക്ഷണം എന്നിവ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
എക്സ്പോ 2030 റിയാദ് 2030 ഒക്ടോബർ 1 മുതൽ 2031 മാർച്ച് 31 വരെ നടക്കും. “Foresight for Tomorrow” എന്നതാണ് എക്സ്പോയുടെ പ്രമേയം. 200-ലധികം ഔദ്യോഗിക പങ്കാളികളും ഏകദേശം 4.2 കോടി സന്ദർശനങ്ങളും പ്രതീക്ഷിക്കുന്ന എക്സ്പോയിൽ വിവിധ രാജ്യങ്ങളുടെയും സംഘടനകളുടെയും പവിലിയനുകൾ, സാംസ്കാരിക പരിപാടികൾ, നവീകരണ പദ്ധതികൾ, സാങ്കേതിക അനുഭവങ്ങൾ എന്നിവയുണ്ടാകും.
എക്സ്പോയ്ക്കുശേഷം വേദി സ്ഥിരമായ ഗ്ലോബൽ വില്ലേജായി വികസിപ്പിക്കാനാണ് പദ്ധതി. റിയാദിനും സൗദി അറേബ്യയ്ക്കും ആഗോള സമൂഹത്തിനും ദീർഘകാല പാരമ്പര്യം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
