മക്ക: മക്കയ്ക്ക് നേരെ ഹൂതി മിലീഷ്യ നടത്തിയ ഡ്രോൺ ആക്രമണശ്രമം സൗദി വ്യോമപ്രതിരോധ സേന തകർത്തു. വിശുദ്ധ നഗരത്തിന്റെ നിരോധിത വ്യോമപരിധിയിൽ പ്രവേശിക്കുന്നതിന് മുമ്പാണ് ഡ്രോൺ തകർത്തതെന്ന് യെമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേന അറിയിച്ചു.
ചൊവ്വാഴ്ച വൈകിട്ട് 6.50ഓടെയാണ് മക്കയുടെ തെക്ക് ഭാഗത്ത് ഡ്രോൺ കണ്ടെത്തിയത്. റോയൽ സൗദി എയർ ഡിഫൻസ് ഫോഴ്സ് ഉടൻ തന്നെ ഡ്രോൺ തടഞ്ഞുനശിപ്പിച്ചതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി പറഞ്ഞു.
മക്കയെ ലക്ഷ്യമിടാനുള്ള ഹൂതികളുടെ രണ്ടാമത്തെ ശ്രമമാണിതെന്നും അൽ മാലികി വ്യക്തമാക്കി. 2017 ജൂലൈ 27ന് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് മക്കയെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണശ്രമവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകമെമ്പാടുമുള്ള മുസ്ലിംകൾക്ക് അതീവ മതപ്രാധാന്യമുള്ള മക്കയെ ലക്ഷ്യമിട്ടുള്ള പുതിയ നീക്കം തീർഥാടകരെയും പൗരന്മാരെയും താമസക്കാരെയും അപകടത്തിലാക്കാനും ഭീതിയിലാക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് അൽ മാലികി പറഞ്ഞു.
രണ്ട് വിശുദ്ധ പള്ളികളുടെയും തീർഥാടകരുടെയും സുരക്ഷ ‘റെഡ് ലൈൻ’ ആണെന്നും ഇത്തരം ആക്രമണങ്ങൾ തടയുന്നതിനും ഭാവിയിലെ ഹൂതി ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സഖ്യസേന മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
