പാരീസ്: എക്സ്പോ 2030 റിയാദിൽ രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പങ്കാളിത്തം നിയന്ത്രിക്കുന്ന നിയമപരവും ഭരണപരവുമായ ചട്ടക്കൂട് സ്ഥാപിക്കുന്നതിനായി സൗദി അറേബ്യയും ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്സ്പോസിഷൻസും (BIE) ‘SEE കരാറിൽ’ ഒപ്പുവച്ചു.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ ഫ്രാൻസ് സന്ദർശനത്തോടനുബന്ധിച്ചാണ് കരാർ ഒപ്പുവെച്ചത്. എക്സ്പോ 2030 റിയാദ് സിഇഒ തലാൽ അൽ-മാരി സന്നിഹിതനായ ചടങ്ങിൽ സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനും BIE സെക്രട്ടറി ജനറൽ ദിമിത്രി കെർകെന്റ്സെസും കരാറിൽ ഒപ്പുവച്ചു.
എക്സ്പോയിൽ പങ്കെടുക്കുന്ന രാജ്യങ്ങൾക്കും അന്താരാഷ്ട്ര സംഘടനകൾക്കും വ്യക്തമായ നിയമപരവും ഭരണപരവുമായ ചട്ടക്കൂട് നൽകുകയാണ് കരാറിന്റെ പ്രധാന ലക്ഷ്യം. എക്സ്പോയുടെ ഡിസൈൻ, നിർമാണം, പ്രവർത്തനം എന്നിവയുടെ വിവിധ ഘട്ടങ്ങളിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ പിന്തുണയും ഏകോപനവും ഉറപ്പാക്കാനും കരാർ സഹായിക്കും.
പങ്കെടുക്കുന്ന രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും ടീമുകളുടെയും പ്രായോഗിക ആവശ്യങ്ങൾ സംബന്ധിച്ച വിവിധ വിഷയങ്ങൾ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രാ, വിസ ക്രമീകരണങ്ങൾ, നികുതി, കസ്റ്റംസ് സൗകര്യങ്ങൾ, മൊബിലിറ്റി സേവനങ്ങൾ, സാങ്കേതിക, ഭരണപരമായ ആവശ്യകതകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും പങ്കെടുക്കുന്നവരുടെ ഭരണപരമായ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും കരാർ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എക്സ്പോ 2030 റിയാദിലെ രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും ഫലപ്രദമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനും തയ്യാറെടുപ്പ് ഘട്ടം മുതൽ എക്സ്പോയ്ക്ക് ശേഷമുള്ള കാലയളവ് വരെയുള്ള പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുമാണ് ചട്ടക്കൂട് ലക്ഷ്യമിടുന്നത്.
അന്താരാഷ്ട്ര സഹകരണത്തിനും വിപുലമായ പങ്കാളിത്തത്തിനുമുള്ള എക്സ്പോ 2030 റിയാദിന്റെ പ്രതിബദ്ധതയാണ് കരാർ പ്രതിഫലിപ്പിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
