റിയാദ്: അബ്ഷർ പ്ലാറ്റ്ഫോം വഴിയുള്ള ഇലക്ട്രോണിക് ഓതറൈസേഷൻ സേവനം ഉപയോഗിക്കുന്നതിന് രണ്ട് പ്രധാന നിബന്ധനകൾ പാലിക്കണമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് അറിയിച്ചു.
അംഗീകാരം ലഭിക്കുന്ന വ്യക്തി സൗദി പൗരനായിരിക്കണം എന്നതാണ് ആദ്യ നിബന്ധന. കൂടാതെ, അംഗീകാരം നൽകുന്ന വ്യക്തിക്കും അംഗീകാരം ലഭിക്കുന്ന വ്യക്തിക്കും അബ്ഷർ പ്ലാറ്റ്ഫോമിൽ സജീവ അക്കൗണ്ട് ഉണ്ടായിരിക്കണം. നൽകിയ അംഗീകാരം ആവശ്യമെങ്കിൽ ഏത് സമയത്തും റദ്ദാക്കാനും സാധിക്കും.
പാസ്പോർട്ട് ഓഫീസുകളിൽ നേരിട്ട് എത്താതെ തന്നെ പാസ്പോർട്ടുമായി ബന്ധപ്പെട്ട വിവിധ ഇടപാടുകൾ മറ്റൊരാളെ ചുമതലപ്പെടുത്തി പൂർത്തിയാക്കാൻ ഈ സേവനം ഉപയോക്താക്കളെ അനുവദിക്കുന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ ഇടപാടുകൾ പൂർത്തിയാക്കുന്നതിനൊപ്പം ഉപയോക്താക്കളുടെ സമയവും പരിശ്രമവും ലാഭിക്കുകയാണ് ഡിജിറ്റൽ സേവനത്തിന്റെ ലക്ഷ്യം.
ഇലക്ട്രോണിക് ഓതറൈസേഷൻ വഴി 23 സേവനങ്ങൾ ലഭ്യമാണെന്ന് പാസ്പോർട്ട് ഡയറക്ടറേറ്റ് നേരത്തെ അറിയിച്ചിരുന്നു. ആശ്രിതർക്ക് യാത്രാ പെർമിറ്റ് നൽകുകയും റദ്ദാക്കുകയും ചെയ്യുക, നഷ്ടപ്പെട്ടതോ കേടായതോ ആയ പാസ്പോർട്ടുകൾ റിപ്പോർട്ട് ചെയ്യുക, പ്രവാസികളുടെ ഇഖാമ നൽകുകയും പുതുക്കുകയും ചെയ്യുക, ഇഖാമയുടെ പ്രിന്റഡ് കോപ്പി സ്വീകരിക്കുക തുടങ്ങിയ സേവനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
കൂടാതെ, എക്സിറ്റ്-റീ എൻട്രി വിസ, ഫൈനൽ എക്സിറ്റ് വിസ എന്നിവ നൽകുകയും റദ്ദാക്കുകയും ചെയ്യുക, നഷ്ടപ്പെട്ട ഇഖാമയോ പ്രവാസികളുടെ പാസ്പോർട്ടോ റിപ്പോർട്ട് ചെയ്യുക, തൊഴിലാളികളുടെ ഒളിച്ചോട്ടം റിപ്പോർട്ട് ചെയ്യുക, ആശ്രിതരെ ചേർക്കുകയും നീക്കം ചെയ്യുകയും ചെയ്യുക തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്.
ആശ്രിത പദവി കൈമാറ്റം, തൊഴിൽ മാറ്റം, സേവനം കൈമാറ്റം, വിവര കൈമാറ്റം, സന്ദർശന വിസ നീട്ടൽ, പാസ്പോർട്ട് നൽകലും പുതുക്കലും സ്വീകരിക്കലും, മുൻ പാസ്പോർട്ടുകളുടെ പരിശോധന എന്നിവയും ഇലക്ട്രോണിക് ഓതറൈസേഷൻ സേവനങ്ങളിൽ ഉൾപ്പെടുന്നു.
അബ്ഷർ ഉപയോക്താക്കൾക്ക് തങ്ങളുടെ പേരിൽ ഇടപാടുകൾ പൂർത്തിയാക്കാൻ മറ്റൊരാളെ ഇലക്ട്രോണിക് രീതിയിൽ അധികാരപ്പെടുത്താനും നൽകിയ അംഗീകാരങ്ങൾ പരിശോധിക്കാനും ആവശ്യമെങ്കിൽ റദ്ദാക്കാനും സാധിക്കും.
