റിയാദ്: സൗദി അറേബ്യയുടെ വിഷൻ 2030 ലക്ഷ്യങ്ങൾ മുൻനിർത്തി, രാജ്യത്തെ ആദ്യ പ്രാദേശിക വാഹന നിർമ്മാണ ബ്രാൻഡായ ‘സീർ’ (Ceer) നിർമ്മിച്ച കന്നി കാർ ‘എക്സോബോട്ട്’ (Exobot) സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (PIF) ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പുറത്തിറക്കി. ലോക വാഹന നിർമ്മാണ ഭൂപടത്തിൽ സൗദിയുടെ സ്ഥാനം ഉറപ്പിക്കുന്നതിനും സുസ്ഥിര വ്യവസായ മേഖല കെട്ടിപ്പടുക്കുന്നതിനുമുള്ള തന്ത്രപ്രധാനമായ ചുവടുവെപ്പാണിതെന്ന് കിരീടാവകാശി വ്യക്തമാക്കി.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുറത്തിറക്കാനിരിക്കുന്ന ഏഴ് വ്യത്യസ്ത മോഡലുകളിൽ ആദ്യത്തേതാണ് സെഡാൻ, എസ്യുവി (SUV) പതിപ്പുകളിൽ എത്തുന്ന എക്സോബോട്ട്. കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലെ (KAEC) ‘കിംഗ് സൽമാൻ ഓട്ടോമോട്ടീവ് കോംപ്ലക്സിൽ’ പ്രവർത്തിക്കുന്ന സീർ ഇൻഡസ്ട്രിയൽ പാർക്കിലാണ് ഇവ ഉത്പാദിപ്പിക്കുന്നത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാഹനോത്പാദന കേന്ദ്രങ്ങളിലൊന്നാണിത്. സൗദിയുടെ സംസ്കാരത്തിൽ നിന്നും ഭൂപ്രകൃതിയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് തദ്ദേശീയമായി രൂപകൽപ്പന ചെയ്ത എക്സോബോട്ട്, അത്യാധുനിക ആഗോള നിലവാരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
2034-ഓടെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിലേക്ക് (GDP) 3,000 കോടിയിലധികം റിയാലിന്റെ (800 കോടി ഡോളർ) സംഭാവന നൽകാനും, വാണിജ്യ ബാലൻസ് 8,000 കോടി റിയാലോളം (2,100 കോടി ഡോളർ) വർദ്ധിപ്പിക്കാനും, ആയിരക്കണക്കിന് പ്രത്യക്ഷ-പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവൽക്കരണത്തിനായി 2022-ലാണ് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (PIF) സൗദിയുടെ ആദ്യ വാഹന നിർമ്മാണ കമ്പനിയായ ‘സീർ’ ആരംഭിച്ചത്.
