റിയാദ്: സൗദി അറേബ്യയിൽ ഡിജിറ്റൽ ഭരണനിർവ്വഹണം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ഡിജിറ്റൽ “നവമുസ്ലിം” (New Muslim) കാർഡ് സേവനം ആരംഭിച്ചു. സൗദി ഇസ്ലാമിക കാര്യ, ദഅ്വ, മാർഗനിർദേശ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ പദ്ധതി മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് അൽ അൽശൈഖ് ഉദ്ഘാടനം ചെയ്തു.
ഇസ്ലാം മതം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർണ്ണമായും പേപ്പർരഹിതമാക്കുകയും ഡിജിറ്റൈസ് ചെയ്യുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മതം സ്വീകരിക്കാനുള്ള അപേക്ഷ സമർപ്പിക്കുന്നത് മുതൽ പരിശോധിച്ച് അംഗീകാരം നൽകുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളും ഇനി ഇലക്ട്രോണിക് സംവിധാനത്തിലൂടെ തടസ്സമില്ലാതെ പൂർത്തിയാക്കാം.
സൗദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുമായി (SDAIA) സഹകരിച്ചാണ് ഈ സംവിധാനം തയാറാക്കിയിരിക്കുന്നത്. അപേക്ഷയ്ക്ക് അംഗീകാരം ലഭിക്കുന്നതോടെ ഉപയോക്താവിന്റെ തവക്കൽനാ (Tawakkalna) ആപ്പിലെ ഡിജിറ്റൽ വാലറ്റിൽ കാർഡ് തൽസമയം ലഭ്യമാകും. വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാനും മന്ത്രാലയത്തിന്റെ ഭാവി പദ്ധതികൾക്ക് ആവശ്യമായ സ്ഥിതിവിവരക്കണക്കുകൾ തയാറാക്കാനും ഇത് സഹായിക്കും.
വ്യാജ രേഖകൾ തടയുന്നതിനായി ഓരോ ഡിജിറ്റൽ കാർഡിലും പ്രത്യേക ക്യുആർ കോഡും (QR Code) ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് വഴി ഔദ്യോഗികമായി നൽകിയ കാർഡാണോ എന്ന് ബന്ധപ്പെട്ട അധികാരികൾക്ക് നിമിഷങ്ങൾക്കുള്ളിൽ പരിശോധിച്ച് ഉറപ്പുവരുത്താൻ സാധിക്കും. സൗദി വിഷൻ 2030-ന്റെ ഭാഗമായി സേവനങ്ങൾ കൂടുതൽ എളുപ്പവും വേഗത്തിലാക്കുന്നതിന്റെ തുടർച്ചയായാണ് ഈ പുതിയ ഡിജിറ്റൽ കാർഡ് അവതരിപ്പിച്ചത്.
