GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കുവൈറ്റിൽ തൊഴിലാളികൾക്ക് ഉച്ചസമയ വിശ്രമത്തിന് നിയമ അംഗീകാരം

കുവൈത്ത് സിറ്റി – ഈ വർഷത്തെ വേനൽക്കാലം മുതൽ കുവൈത്തിലും തൊഴിലാളികൾക്ക് ചുട്ടുപൊള്ളുന്ന വെയിലിൽ നിന്ന് സംരക്ഷണം. കുവൈത്തിൽ നിർബന്ധിത മധ്യാഹ്ന വിശ്രമ നിയമം അംഗീകരിച്ചു. അടുത്ത മാസാദ്യം മുതൽ ഇത് പ്രാബല്യത്തിൽ വരും. എല്ലാ വർഷവും ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലത്ത് രാവിലെ 11 മുതൽ വൈകീട്ട് നാലു വരെയുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ വെയിലേൽക്കുന്ന നിലയിൽ തൊഴിലുടമകൾ തൊഴിലാളി കൊണ്ട് ജോലി ചെയ്യിക്കുന്നത് വിലക്കുന്ന മന്ത്രിതല തീരുമാനം പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പ്രഖ്യാപിച്ചു. കടുത്ത കാലാവസ്ഥാ സാഹചര്യങ്ങളിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകാനുള്ള നടപടികളുടെ ഭാഗമായാണിത്.

ചൂട് കൂടുന്നതിനും കാലാവസ്ഥാ സാഹചര്യങ്ങൾ മാറുന്നതിനുമിടെ തൊഴിൽ സുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും ശക്തിപ്പെടുത്താനാണ് മധ്യാഹ്ന വിശ്രമ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ബോർഡ് ഓഫ് ഡയറക്ടേഴ്സസ്‌ ചെയർമാനുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അൽസ്വബാഹ് ആണ് തീരുമാനം പ്രഖ്യാപിച്ചത്.

കാലാവസ്ഥാ മാറ്റങ്ങൾക്ക് അനുസരിച്ച് മധ്യാഹ്ന വിശ്രമ സമയത്തിൽ ഭേദഗതികൾ വരുത്താൻ പുതിയ നിയമം അതോറിറ്റിക്ക് അധികാരം നൽകുന്നതായി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ഡയറക്ടർ ജനറൽ റബാബ് അൽഉസൈമി പറഞ്ഞു. പൊടിക്കാറ്റ്, അതിശക്തമായ മഴ, അസാധാരണമായ ചൂട്, ഈർപ്പം, പ്രകൃതി ദുരന്തങ്ങൾ, പകർച്ചവ്യാധികൾ, അടിയന്തിര സാഹചര്യങ്ങൾ അടക്കം തൊഴിലാളികളുടെ സുരക്ഷക്ക് ഭീഷണിയായ കാലാവസ്ഥാ, പരിസ്ഥിതി സാഹചര്യങ്ങളിലും തൊഴിൽ വിലക്ക് നടപ്പാക്കിയേക്കും.

എമർജൻസി അറ്റകുറ്റപ്പണികൾ, പബ്ലിക് സർവീസുകൾ, സുപ്രധാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട ജോലികൾ തുടങ്ങി നീട്ടിവെക്കാൻ കഴിയാത്ത ചില പ്രത്യേക അടിയന്തിര ടെക്നിക്കൽ ജോലികളെ പുതിയ തീരുമാനം വിലക്കിൽ നിന്ന് ഒഴിവാക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ലേബർ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിൽ നിന്ന് മുൻകൂട്ടി അനുമതി നേടുകയും മുഴുവൻ തൊഴിൽ സുരക്ഷാ ആവശ്യകതകളും പാലിക്കുകയും വേണം.

നിയമാനുസൃതമുള്ള തൊഴിൽ സമയം ലംഘിക്കാതെ, തണുത്ത കുടിവെള്ളം, തണലുള്ള വിശ്രമ സ്ഥലങ്ങൾ, ഫസ്റ്റ് എയിഡ് വസ്തുക്കൾ, ഉചിതമായ വിശ്രമ സമയം എന്നിവ തൊഴിലാളികൾക്ക് നൽകാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണ്. മധ്യാഹ്ന വിശ്രമ നിയമം ലംഘിക്കുന്നവർക്കെതിരെ അധികൃതർ നിയമ നടപടികൾ സ്വീകരിക്കും. തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താനും കുവൈത്തിൽ സുസ്ഥിരവും മാനുഷികവുമായ തൊഴിൽ അന്തരീക്ഷത്തെ പിന്തുണക്കാനും പുതിയ നിയമം പൂർണമായും പാലിക്കണമെന്ന് സ്ഥാപന ഉടമകളോടും തൊഴിലുടമകളോടും റബാബ് അൽഉസൈമി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!