മക്ക ഹജ് സീസണിൽ തീർഥാടകർക്ക് സേവനം നൽകാൻ സൗദി റെഡ് ക്രസന്റ് അതോറിറ്റി പതിനൊന്ന് എയർ ആംബുലൻസുകൾ ഒരുക്കി. മെഡിക്കൽ എമർജൻസി സംവിധാനത്തിന്റെ പ്രധാന ഘടകമായി എയർ ആംബുലൻസ് സേവനം സജീവമാക്കി ഹജ് സീസണിൽ സൗദി റെഡ് ക്രസന്റ് അതോറിറ്റി പ്രവർത്തന സന്നദ്ധത വർധിപ്പിക്കുന്നത് തുടരുകയണ്. മക്കയിലും പുണ്യസ്ഥലങ്ങളിലും തീർഥാടകർക്കിടയിൽ ഗുരുതരമായ കേസുകളിൽ വേഗത്തിലും ഫലപ്രദവുമായ പ്രതികരണം നൽകുക എന്നതാണ് ലക്ഷ്യം.
ഏറ്റവും പുതിയ മെഡിക്കൽ സാങ്കേതികവിദ്യ അടങ്ങിയ 11 എയർ ആംബുലൻസുകൾ മക്കയിൽ വിന്യസിച്ചിട്ടുണ്ടെന്ന് അതോറിറ്റി വിശദീകരിച്ചു. മക്കയിലും പുണ്യസ്ഥലങ്ങളിലും ഉടനീളം വ്യാപിച്ചുകിടക്കുന്ന ഏഴ് ഹെലിപാഡുകളുടെ ശൃംഖല ഈ വിമാനങ്ങളെ പിന്തുണക്കുന്നു. എമർജൻസി കേസുകളിൽ വേഗത്തിൽ ഇടപെടാനും രോഗികളെ കാര്യക്ഷമമായി ആശുപത്രികളിലെത്തിക്കുന്നത് ഉറപ്പാക്കാനും ഇത് സഹായിക്കും.
മക്കയിലും പുണ്യസ്ഥലങ്ങളിലും എയർ ആംബുലൻസ് സേവനം ലഭിക്കും. രോഗികളെ ആശുപത്രിയിലേക്ക് നീക്കുന്നത് സുഗമമാക്കാനും ദ്രുത പ്രതികരണത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലും ആശുപത്രികളുടെ പരിസരത്തും ഗുരുതരമായ കേസുകളിൽ ആംബുലൻസ് ടീമുകളെ വേഗത്തിൽ എത്തിച്ചേരാനുമാണ് ഹെലിപാഡുകൾ സജ്ജീകരിച്ചിരിക്കുന്നത്.
രോഗികളെയും പരിക്കേറ്റവരെയും വേഗത്തിൽ ആശുപത്രികളിൽ എത്തിക്കുന്നതിലൂടെയും ആശുപത്രികൾക്കിടയിൽ രോഗികളെ നീക്കം ചെയ്യുന്നതിലൂടെയും സീസണൽ ആംബുലൻസ് സേവനങ്ങളെ പിന്തുണക്കുന്നതിൽ എയർ ആംബുലൻസുകൾ സഹായിക്കും. ഉയർന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലേക്കും എമർജൻസി സാഹചര്യങ്ങളിലേക്കും എയർ ആംബുലൻസുകൾ പ്രത്യേക മെഡിക്കൽ ടീമുകളെ ഉൾപ്പെടുത്തും. ഇത് തീർഥാടകർക്ക് നൽകുന്ന എമർജൻസി പരിചരണത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതായും അതോറിറ്റി വ്യക്തമാക്കി.
ഇത്തവണത്തെ ഹജ് സീസണിന്റെ ആരംഭം മുതൽ ദുൽഹജ് മൂന്നാം തീയതി വരെ ആരോഗ്യ മേഖലാ പരിവർത്തന പ്രോഗ്രാമിന്റെയും പിൽഗ്രിംസ് സർവീസ് പ്രോഗ്രാമിന്റെയും ലക്ഷ്യങ്ങൾക്ക് അനുസൃതമായി ആരോഗ്യ മേഖല തീർഥാടകർക്ക് 1,82,700 ലേറെ ആരോഗ്യ സേവനങ്ങൾ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇക്കാലയളവിൽ 32,772 തീർഥാടകർ ഹെൽത്ത് സെന്ററുകളുടെയും എമർജൻസി കെയർ സർവീസുളുടെയും സേവനം പ്രയോജനപ്പെടുത്തി. എമർജൻസി വിഭാഗങ്ങളിൽ 20,825 തീർഥാടകർ എത്തി. ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളിൽ 2,868 ഹാജിമാരെ സ്വീകരിച്ചു. 2,887 തീർഥാടകരെ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തു. വിദേശങ്ങളിൽ നിന്ന് എത്തിയ 190 ഹാജിമാർക്ക് ശസ്ത്രക്രിയകൾ നടത്തി
അതിൽ 135 കാർഡിയാക് കത്തീറ്ററൈസേഷനുകളും 7 ഓപ്പൺ-ഹാർട്ട് സർജറികളും ഉൾപ്പെടുന്നു. കടുത്ത ചൂട് മൂലമുള്ള ക്ഷീണവും സൂര്യാഘാതവും നേരിട്ട 12 തീർഥാടകർക്ക് മെഡിക്കൽ ടീമുകൾ ചികിത്സ നൽകി. ആരോഗ്യ മന്ത്രാലയത്തിന്റെ ഏകീകൃത കോൾ സെന്റർ (937) സേവനം 12,627 പേർ പ്രയോജനപ്പെടുത്തിയതായും ആരോഗ്യ മന്ത്രാലയത്തിന്റെ ഡാറ്റ കാണിക്കുന്നു.
















Leave a Reply