ജിദ്ദ – ഇറാന് സംഘര്‍ഷം കാരണം ഹോര്‍മുസ് കടലിടുക്ക് ഏറെക്കുറെ പൂര്‍ണമായും അടഞ്ഞുകിടക്കുകയാണെങ്കിലും മാര്‍ച്ചില്‍ സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയില്‍ 37.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. മാര്‍ച്ചില്‍ 92.5 ബില്യണ്‍ റിയാലിന്റെ എണ്ണയുല്പന്നങ്ങളാണ് സൗദി അറേബ്യ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. മാര്‍ച്ചില്‍ ആകെ കയറ്റുമതി 21.5 ശതമാനം വര്‍ധിച്ച് 115.2 ബില്യണ്‍ റിയാലായി. പെട്രോളിതര കയറ്റുമതി 17.3 ശതമാനം കുറഞ്ഞു. പുനര്‍കയറ്റുമതി ഒഴികെയുള്ള പെട്രോളിതര കയറ്റുമതി 27 ശതമാനം കുറഞ്ഞ് 13.5 ബില്യണ്‍ റിയാലായി. പുനര്‍കയറ്റുമതി 2.5 ശതമാനം തോതില്‍ വര്‍ധിച്ച് 9.217 ബില്യണ്‍ റിയാലായി. മാര്‍ച്ചില്‍ ആകെ കയറ്റുമതിയില്‍ പെട്രോളിയം കയറ്റുമതിയുടെ പങ്ക് 80.3 ശതമാനമായി ഉയര്‍ന്നു. 2025 മാര്‍ച്ചില്‍ ഇത്
71 ശതമാനമായിരുന്നു.
മാര്‍ച്ചില്‍ ഏറ്റവുമധികം ഉല്പന്നങ്ങള് കയറ്റി അയച്ചത് ചൈനയിലേക്കായിരുന്നു. മൊത്തം കയറ്റുമതിയുടെ 14.1 ശതമാനം ചൈനയിലേക്കായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിലേക്ക് 13.7 ശതമാനവും മൂന്നാം സ്ഥാനത്തുള്ള ജപ്പാനിലേക്ക് 9.5 ശതമാനവും ഉല്പന്നങ്ങള് കയറ്റി അയച്ചു. ദക്ഷിണ കൊറിയ, യു.എ.ഇ, മാള്‍ട്ട, ഈജിപ്ത്, സിംഗപ്പൂര്‍, മ്യാന്മര് (ബര്‍മ), പോളണ്ട് എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ആകെ കയറ്റുമതിയുടെ 69.8 ശതമാനവും ഈ പത്ത് രാജ്യങ്ങളിലേക്കുമായിരുന്നു.
മാര്‍ച്ചില്‍ ഇറക്കുമതി 24.8 ശതമാനം തോതില്‍ കുറഞ്ഞു. ഏകദേശം 57.78 ബില്യണ്‍ റിയാലിന്റെ ഉല്പന്നങ്ങളാണ് മാര്‍ച്ചില്‍ ഇറക്കുമതി ചെയ്തത്. മാര്‍ച്ചില്‍ വാണിജ്യ മിച്ചം 218.9 ശതമാനം തോതില്‍ വര്‍ധിച്ച് 57.44 ബില്യണ്‍ റിയാലായി. ഏറ്റവും കൂടുതല്‍ ഉല്പന്നങ്ങള് ഇറക്കുമതി ചെയ്തതും ചൈനയില്‍ നിന്നായിരുന്നു. മൊത്തം ഇറക്കുമതിയുടെ 26.7 ശതമാനം ചൈനയില്‍ നിന്നായിരുന്നു. രണ്ടാം സ്ഥാനത്തുള്ള അമേരിക്കയില്‍ നിന്ന് 8.4 ശതമാനവും മൂന്നാം സ്ഥാനത്തുള്ള യു.എ.ഇയില്‍ നിന്ന് 7.1 ശതമാനവും ഉല്പന്നങ്ങള് ഇറക്കുമതി ചെയ്തു. സ്വിറ്റ്സര്‍ലന്‍ഡ്, ഈജിപ്ത്, ജര്‍മ്മനി, ഫ്രാന്‍സ്, ഇന്ത്യ, ഇറ്റലി, ജപ്പാന് എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. മാര്‍ച്ച് മാസത്തില്‍ സൗദിയിലേക്ക് ഇറക്കുമതി ചെയ്ത ആകെ ഉല്പന്നങ്ങളില് 68.4 ശതമാനം ഈ പത്ത് രാജ്യങ്ങളില്‍ നിന്നുമായിരുന്നു.
സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയില്‍ 37.4 ശതമാനം വളര്‍ച്ച

















Leave a Reply