റിയാദ്: ഇഷ്യു ചെയ്ത് വക്കാല പൂർത്തിയാക്കി സ്റ്റാമ്പ് ചെയ്യാനായി കോൺസുലേറ്റുകളിലും എംബസികളിലുമെത്തിയപ്പോഴേക്കും ആയിരക്കണക്കിന് തൊഴിൽ വിസകൾ റദ്ദാക്കപ്പെട്ടതിന് കാരണം നടപടിക്രമങ്ങൾ പാലിക്കാത്തതായിരുന്നുവെന്ന് സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. വ്യാജ സൗദിവത്കരണം നടത്തി നേടിയെടുത്ത സ്ഥാപനങ്ങളാണ് ഇത്തരം വിസകൾ ഇഷ്യു ചെയ്തതെന്നും 7200 ലധികം തൊഴിൽ വിസകൾ ഇങ്ങനെ റദ്ദാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ജനുവരി, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വിസ പ്രതിസന്ധിയെ കുറിച്ചാണ് മന്ത്രാലയം പ്രതികരിച്ചത്.
വക്കാലയും മെഡിക്കൽ പരിശോധനയും പൂർത്തിയാക്കി വിസകൾ സ്റ്റാമ്പ് ചെയ്യാൻ കാത്തിരുന്ന നിരവധി പേർക്കാണ് കഴിഞ്ഞ മാസങ്ങളിൽ പെട്ടെന്ന് വിസകൾ റദ്ദായ വിവരം ലഭിച്ചത്. ഇതോടെ സൗദിയിൽ ജോലി സ്വപ്നം കണ്ട പലരും നിരാശരായി. ഇഷ്യു ചെയ്ത വിസകൾ സ്റ്റാമ്പ് ചെയ്യാനെത്തുമ്പോൾ കാൻസൽ ആകുന്ന പ്രവണത കണ്ട് ഏജന്റുമാരും എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി.
91,000 വിസ കേസുകളിൽ മന്ത്രാലയത്തിന്റെ നിരീക്ഷണ ടീമുകളും സ്മാർട്ട് നിരീക്ഷണ സംവിധാനവും വഴി നടത്തിയ പരിശോധനയിൽ വ്യാജ സൗദിവൽക്കരണവുമായി ബന്ധപ്പെട്ട 13,509 നിയമ ലംഘനങ്ങൾ കണ്ടെത്തിയിരുന്നു. ഇങ്ങനെ നിയമലംഘനം നടത്തി ഇഷ്യു ചെയ്ത 7200 ലധികം വിസകൾ ഉടൻ റദ്ദ് ചെയ്തു. ഈ സ്ഥാപനങ്ങൾക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു.
വ്യാജമായി നിയമിച്ച സൗദി ജീവനക്കാരെ സൗദിവൽക്കരണ പദ്ധതിയായ നിതാഖാത്ത് പ്രോഗ്രാമിൽ നിന്ന് നീക്കം ചെയ്യൽ, യഥാർഥ തൊഴിലവസരങ്ങൾ ലഭ്യമാക്കാനായി അവരെ മാനവ വിഭവശേഷി വികസന ഫണ്ടിലേക്ക് റഫർ ചെയ്യൽ എന്നിവ ഉൾപ്പെടെയുള്ള അടിയന്തര നടപടികൾ മന്ത്രാലയം സ്വീകരിച്ചു.
ഈ കൊല്ലം ആദ്യ പാദത്തിൽ രണ്ടര ലക്ഷം സ്വകാര്യ സ്ഥാപനങ്ങളിൽ മന്ത്രാലയ സംഘങ്ങൾ പരിശോധനകൾ നടത്തി. ഇതിനിടെ 1,68,000 നിയമ ലംഘനങ്ങൾ കണ്ടെത്തി. പദവി ശരിയാക്കാൻ ആവശ്യപ്പെട്ട് 2,30,000 സ്ഥാപനങ്ങൾക്ക് മന്ത്രാലയം മുന്നറിയിപ്പ് നോട്ടീസുകൾ നൽകി. മൂന്നു മാസത്തിനിടെ റിക്രൂട്ട്മെന്റ് ഓഫീസുകളിൽ 3,522 നിയമ ലംഘനങ്ങൾ കണ്ടെത്തി. നിയമവിരുദ്ധ ഗാർഹിക തൊഴിലാളി സേവനങ്ങളെ കുറിച്ച് പരസ്യപ്പെടുത്തിയ 238 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കണ്ടെത്തി മന്ത്രാലയം നടപടികൾ സ്വീകരിച്ചു. മനുഷ്യക്കടത്ത് സംശയിക്കപ്പെടുന്ന ഏകദേശം 54,000 കേസുകളിൽ മന്ത്രാലയ സംഘങ്ങൾ പരിശോധനകൾ നടത്തി.
ഇക്കാലയളവിനുള്ളിൽ തൊഴിൽ നിയമ ലംഘനങ്ങളെ കുറിച്ച് പൊതുസമൂഹത്തിൽ നിന്ന് മന്ത്രാലയത്തിന് 15,563 പരാതികൾ ലഭിച്ചു.
ഒരു വർഷത്തിനിടെ ഏഴു പ്രാവശ്യം തൊഴിൽ കരാറുകളിൽ ഒപ്പുവെച്ച സൗദി പൗരന്മാർക്ക് വീണ്ടും ജോലിക്ക് നിയമിക്കപ്പെടാൻ ഒരു വർഷം കാത്തിരിക്കണെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.
വിസകൾക്ക് വേണ്ടിയും മറ്റും സൗദികളെ ജോലിക്ക് കയറ്റിയിറക്കൽ ഒഴിവാക്കാനാണിത്.
ഒരു സൗദി പൗരന് ഒരേ സമയം രണ്ടു സ്ഥാപനത്തിൽ തൊഴിൽ കരാർ ഉണ്ടാകാൻ പാടില്ല. ഒരു സ്ഥാപനത്തിൽ മാത്രമേ അനുവദിക്കുകയുള്ളൂ.
രണ്ടെണ്ണമുണ്ടെങ്കിൽ ഒന്നു കാൻസൽ ചെയ്ണമെന്നുമാണ് മന്ത്രാലയത്തിന്റെ നിലപാട്.
















Leave a Reply