മക്ക:സൗദിയിൽ നിന്നും രാജ്യത്തിനു പുറത്തു നിന്നും ഹജ്-ഉംറ സർവീസ് നടത്തുന്ന സ്ഥാപനങ്ങൾക്കുള്ള പുതുക്കിയ നിയമാവലി ഹജ്-ഉംറ മന്ത്രാലയം തയാറാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി. ഔദ്യോഗിക പത്രത്തിൽ പ്രസിദ്ദീകരിച്ച് 90 ദിവസത്തിനുള്ളിൽ നിയമം പ്രാബല്യത്തിലാകും. ഹജ് ഉംറ സർവീസ് മേഖലയിലെ സ്ഥാപനങ്ങൾ തീർഥാടകർക്ക് നൽകേണ്ട സേവനങ്ങളിൽ വീഴ്ച വരുത്തിയാൽ വീഴ്ച വരുത്തിയ സ്ഥാപനത്തെ ഒഴിവാക്കി പകരം സംവിധാനങ്ങളേർപെടുത്താൻ ഹജ് മന്ത്രാലയത്തിന് അവകാശമുണ്ടായിരിക്കുന്നതും അതിനു വേണ്ടി കൂടുതലായി വരുന്ന ചെലവുകൾ ബാധ്യത നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയ സർവീസ് സ്ഥാപനത്തിൽ നിന്ന് ഈടാക്കുമെന്നതുൾപ്പെടെ കാതലായ പരിഷ്കാരങ്ങളടങ്ങിയതാണ് പുതുക്കിയ നിയമാവലി. ഹജ് മന്ത്രാലയത്തിന് ആവശ്യമെങ്കിൽ ഓരോ മേഖലയിലെയും പ്രത്യേകം പരിചിതരായ കമ്പനികളുടെ സേവനങ്ങൾ തേടാവുന്നതും അത്തരം കമ്പനികളിലെ വിദഗ്ധരും മന്ത്രാലയ പ്രതിനിധിയുമുൾപ്പെടുന്ന മൂന്നംഗ സംഘത്തിന് ആവശ്യഘട്ടങ്ങളിൽ മന്ത്രായലത്തിനാവശ്യമായി വരുന്ന കാര്യങ്ങൾ ഏറ്റെടുത്തു നിർവഹിക്കാവുന്നതുമാണ്. സർവീസ് സ്ഥാപനങ്ങൾ നടത്തുന്ന നിയമലംഘനങ്ങൾ, വീഴ്ചകൾ വരുത്തുന്നവർക്ക് ഏർപെടുത്തേണ്ട ശിക്ഷാ നടപടികൾ തുടങ്ങിയവയെല്ലാം വിദഗ്ധ സമിതിയുടെ ശുപാർശ പ്രകാരം മന്ത്രിയുടെ അംഗീകാരത്തോടെ നടപ്പിലാക്കുന്നതായിരിക്കും. മന്ത്രാലയവുമായി ഒപ്പുവെച്ചിട്ടുള്ള കരാറനുസരിച്ച് സർവിസ് സ്ഥാപനങ്ങൾ ഹാജിമാർക്കും സന്ദർശകർക്കും ലഭ്യമായ ഏറ്റവും നല്ല സേവനങ്ങൾ ഉറപ്പു വരുത്തിയിരിക്കണം, കരാറു പ്രകാരമുള്ള സേവനങ്ങൾ ഉറപ്പു വരുത്താൻ സാധിക്കാതെ പോകുകയോ വീഴ്ച വരുത്തുകയോ ചെയ്താൽ പ്രസ്തുത സേവനത്തിനു തുല്യമായ തുക ഹാജിമാർക്കും സന്ദർശകർക്കും തിരിച്ചു നൽകിയിരിക്കണം. സർവിസ് സ്ഥാപനങ്ങൾ കരാർ പ്രകാരമുള്ള സേവനങ്ങൾ നൽകുന്നുവെന്ന് ഉറപ്പു വരുത്താൻ മക്കയിലും ഹജ് അനുബന്ധ പുണ്യസ്ഥലങ്ങളിലും ഹജ് മന്ത്രാലയം ഉദ്യോഗ്സ്ഥരുടെയോ മന്ത്രാലയം കരാറിലെത്തുന്ന കമ്പനികളിലെ വിദഗ്ധരുടെയോ സന്നിധ്യമുണ്ടായിരിക്കണം. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള മുഴുവൻ തീർഥാടകർക്കും ഉന്നത നിലവാരം പുലർത്തുന്ന സേവനങ്ങൾ ഉറപ്പു വരുത്തുകയും ഏകീകരിക്കുകയും ഹജ് അനുബന്ധ മേഖലയിലെ സാമ്പത്തിക നിക്ഷേപത്തിന്റെയും സേവനങ്ങളുടെയും സ്ഥിരത ഉറപ്പുവരുത്തുകയും ലക്ഷ്യമിട്ട് നിരവധി നിർദേശങ്ങളാണ് പുതുക്കിയ നിയമാവലി അനുശ്വാസിക്കുന്നത്. നിയമ ലംഘനം നടത്തുന്ന കമ്പനികൾക്ക് മുന്നറിയിപ്പു നൽകുക, പിഴയിടുക, സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യുക, താൽക്കാലികമായി നിർത്തിവെപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും ശിക്ഷ നടപടികളുടെ കൂട്ടത്തിൽ നൽകിയിട്ടുണ്ട്. ഹജ് മന്ത്രാലയത്തിൽ നിന്നും ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റുകളിൽ നിന്നും മുൻകൂട്ടി അനുമതി നേടാതെ ഹജ് സേവന മേഖലയിൽപ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വ്യകതികൾക്കുമെതിരിൽ ശക്തമായ ശിക്ഷ നടപടികളും നിയമാവലി വ്യവസ്ഥ ചെയ്യുന്നുണ്ട്. നിയമ വിരുദ്ധമായി ഹജ് സർവീസ് നടത്താൻ ശ്രമിക്കുന്നവർക്കെതിരിൽ അഞ്ച് ലക്ഷം റിയാൽ പിഴയും കുറ്റ കൃത്യങ്ങൾ ആവർത്തിച്ചാൽ പിഴ തുക ഇരട്ടിയാക്കുന്നതും. വിദേശികളാണെങ്കിൽ നാടുകടത്തലും ശിക്ഷയുണ്ടായിരിക്കും നിയമലംഘകരുടെ ചെലവിൽ പ്രദേശി മാധ്യമങ്ങളിലോ മന്ത്രാലയം കാണുന്ന മറ്റു മീഡിയകളിലോ തദ്സംബന്ധമായ വാർത്തയും ശിക്ഷാ നടപടിയും പ്രസിദ്ദീകരിക്കുകയും ചെയ്യും.
ഹജ്-ഉംറ സർവീസ് നടത്തുന്ന സ്ഥാപനങ്ങൾക്കുള്ള പുതുക്കിയ നിയമാവലി ഹജ്-ഉംറ മന്ത്രാലയം തയാറാക്കി

















Leave a Reply