റിയാദ്: ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1,000 ഉംറ തീർത്ഥാടകരെ തന്റെ വ്യക്തിപരമായ ചിലവിൽ സൗദിയിലെത്തിക്കാൻ തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരൻ സൽമാൻ രാജാവ് അനുമതി നൽകി. ‘ഗസ്റ്റ് ഓഫ് ദ കസ്റ്റോഡിയൻ ഓഫ് ദ ടു ഹോളി മോസ്ക്സ്’ (Guests of the Custodian of the Two Holy Mosques Program) പദ്ധതിക്ക് കീഴിലാണ് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘത്തിന് ഈ സുവർണ്ണാവസരം ലഭിക്കുന്നത്. സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയമാണ് ഇതിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നത്.
ഹിജ്റ വർഷം 1448-ൽ നാല് ഘട്ടങ്ങളിലായാണ് ഈ പദ്ധതി നടപ്പിലാക്കുക. ഇതിൽ ആദ്യ ഘട്ടത്തിൽ ഏഷ്യൻ രാജ്യങ്ങളായ ഇന്തോനേഷ്യ, ഈസ്റ്റ് തിമൂർ, ഫിലിപ്പീൻസ്, മലേഷ്യ, കംബോഡിയ, തായ്‌ലൻഡ്, വിയറ്റ്‌നാം, മ്യാൻമർ, ലാവോസ്, സിംഗപ്പൂർ, ചൈന, ജപ്പാൻ, കൊറിയ, ഹോങ്കോങ്, തായ്‌വാൻ, മംഗോളിയ എന്നീ 16 രാജ്യങ്ങളിൽ നിന്നുള്ള 250 തീർത്ഥാടകർ ഉൾപ്പെടും.
ലോകത്തിന്റെ വിവിധ കോണുകളിലുള്ള മുസ്‌ലിംകൾക്ക് ഉംറ നിർവഹിക്കാനും പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും സൗകര്യമൊരുക്കുന്ന രാജാവിന്റെയും കിരീടാവകാശിയുടെയും ഈ വലിയ കാരുണ്യത്തിന് ഇസ്‌ലാമിക കാര്യ മന്ത്രിയും പ്രോഗ്രാമിന്റെ ജനറൽ സൂപ്പർവൈസറുമായ ശൈഖ് അബ്ദുല്ലത്തീഫ് അൽ ശൈഖ് നന്ദി അറിയിച്ചു. ലോക മുസ്‌ലിംകൾക്കിടയിൽ സാഹോദര്യം ശക്തമാക്കാനും ആഗോളതലത്തിലെ ഇസ്‌ലാമിക പണ്ഡിതന്മാരും പ്രമുഖരുമായി നല്ലൊരു ആശയവിനിമയം കെട്ടിപ്പടുക്കാനും ഈ കാരുണ്യപ്രവർത്തിയിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൽമാൻ രാജാവിന്റെ അതിഥികളായി 1,000 തീർത്ഥാടകർക്ക് ഉംറ നിർവഹിക്കാൻ അവസരം
















Leave a Reply