ദോഹ – ഖത്തറിലെ പ്രധാന ദ്രവീകൃത പ്രകൃതിവാതക (എല്‍.എന്‍.ജി) സംസ്കരണ കേന്ദ്രമായ റാസ് ലഫാനിലെ ഫാക്ടറിയില്‍ ഉണ്ടായ ആന്തരിക സ്ഫോടനത്തില്‍ 54 പേര്‍ക്ക് പരിക്കേല്‍ക്കുകയും 18 പേരെ കാണാതാവുകയും ചെയ്തതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര സുരക്ഷാ സേനക്കു കീഴിലെ സെര്‍ച്ച് ആന്റ് റെസ്ക്യൂ സംഘങ്ങള്‍ സിവില്‍ ഡിഫന്‍സ് സംഘങ്ങളുമായി സഹകരിച്ച് കാണാതായവര്‍ക്കു വേണ്ടി തിരച്ചിലുകള്‍ തുടരുകയാണെന്ന് ഇന്ന് രാവിലെ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സാങ്കേതിക തകരാര്‍ മൂലമാണ് സ്ഫോടനമുണ്ടായത്. പൊതുജന സുരക്ഷക്ക് അപകടമുണ്ടാക്കുന്ന തരത്തില്‍ ഫാക്ടറിയില്‍ ചോര്‍ച്ചയുണ്ടായിട്ടില്ല. റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ പ്രാദേശിക വാതക ആവശ്യങ്ങള്‍ നിറവേറ്റാനായി സജ്ജീകരിച്ച ബര്‍സാന്‍ പ്ലാന്റില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തെ തുടര്‍ന്നുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കിയതായി ഖത്തര്‍ എനര്‍ജി വ്യക്തമാക്കി. പ്രാദേശിക വാതക ആവശ്യങ്ങള്‍ നിറവേറ്റാനായി സജ്ജീകരിച്ച പ്ലാന്റില്‍ സാങ്കേതിക തകരാര്‍ സ്ഫോടനത്തിനും തീപിടുത്തത്തിനും കാരണമായി. എമര്‍ജന്‍സി പ്രതികരണ സംഘങ്ങളെ ഉടന്‍ വിന്യസിച്ചതായും തീ നിയന്ത്രിക്കാനും അണക്കാനും അവര്‍ക്ക് കഴിഞ്ഞതായും ഖത്തര്‍ എനര്‍ജി പ്രസ്താവനയില്‍ കൂട്ടിചേർത്തു.
