ജിദ്ദ:സൗദിയിൽ കാർഷിക മേഖലയിൽ മൊത്തം ആഭ്യന്തരോൽപാദനം കഴിഞ്ഞ വർഷം 10,000 കോടിയായി ഉയർന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വെളിപ്പെടുത്തി. ഇത് സർവകാല റെക്കോർഡ് ആണ്. നിരവധി കാർഷിക വിളകളിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സൗദി അറേബ്യക്ക് സാധിച്ചിട്ടുണ്ട്. സുസ്ഥിര കാർഷിക വികസനം പ്രോത്സാഹിപ്പിക്കാനും ജലസ്രോതസ്സുകൾ കൈകാര്യം ചെയ്യാനും പ്രകൃതി, പാരിസ്ഥിതിക വിഭവങ്ങൾ സംരക്ഷിക്കാനുമുള്ള കാര്യക്ഷമത വർധിപ്പിക്കാനും സൗദി അറേബ്യ നിരവധി തന്ത്രങ്ങളും സംരംഭങ്ങളും പരിപാടികളും അംഗീകരിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജിനീയർ മൻസൂർ അൽമുശൈത്തി പറഞ്ഞു.
ഈ മേഖലയിൽ നിരവധി സുപ്രധാന തന്ത്രങ്ങൾ സൗദി അറേബ്യ അംഗീകരിച്ചിട്ടുണ്ട്. നൂതന സാങ്കേതിക വിദ്യകൾക്ക് പിന്തുണ നൽകുന്നതിനെ അവലംബിച്ചുള്ള വായ്പാ നയങ്ങൾ കാർഷിക വികസന നിധി നടപ്പാക്കുന്നു. കാർഷിക പദ്ധതികളുടെ മൂലധന ചെലവുകളുടെ 70 ശതമാനം വരെ കാർഷിക വികസന നിധിയിൽ നിന്ന് ലഘുവായ്പകളായി നൽകുന്നുണ്ട്. കഴിഞ്ഞ വർഷം കാർഷിക വികസന നിധിയിൽ നിന്ന് 700 കോടി റിയാലിന്റെ വായ്പകൾ നൽകി. 2015 50 കോടി റിയാലാണ് കാർഷിക വായ്പകളായി നൽകിയത്. പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ ജല, ഭക്ഷ്യസുരക്ഷ കൈവരിക്കാനും വിശപ്പിനെയും ദാരിദ്ര്യത്തെയും ചെറുക്കാനും ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്റ് അഗ്രിക്കൾച്ചർ ഓർഗനൈസേഷന്റെ ശ്രമങ്ങളെ പിന്തുണക്കുന്നത് സൗദി അറേബ്യ തുടരുമെന്നും എൻജിനീയർ മൻസൂർ അൽമുശൈത്തി പറഞ്ഞു.