റിയാദ്- സ്വകാര്യ കമ്പനികളുമായുള്ള സർക്കാർ പങ്കാളിത്തം ശക്തമാക്കുന്ന ശരീക് പദ്ധതിയുടെ ഭാഗമായ ആദ്യ പാക്കേജ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സാന്നിധ്യത്തിൽ പ്രഖ്യാപിച്ചു. വിഷൻ-2030 പദ്ധതി നിർണയിച്ച ദേശീയ അഭിലാഷങ്ങൾ സാക്ഷാൽക്കരിക്കാൻ സഹായിക്കും വിധം ഉയർന്ന വളർച്ച കൈവരിക്കാൻ സ്വകാര്യ മേഖലയെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ട് വൻകിട കമ്പനികൾക്ക് പിന്തുണ നൽകുന്ന 19,240 കോടി റിയാലിന്റെ പാക്കേജ് ആണ് പ്രഖ്യാപിച്ചത്.
2021 മാർച്ച് 30 ന് ആണ് ശരീക് പദ്ധതി പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയിലെ 28 വൻകിട കമ്പനികൾ ഇതിനകം പദ്ധതിയിൽ ചേർന്നിട്ടുണ്ട്. കിരീടാവകാശിയും സൗദിയിലെ ഏതാനും വൻകിട സ്വകാര്യ കമ്പനി ചെയർമാന്മാരും സി.ഇ.ഒമാരും നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ശരീക് പദ്ധതി ആദ്യ പാക്കേജ് പ്രഖ്യാപിച്ചത്.
എട്ടു വൻകിട സ്വകാര്യ കമ്പനികൾ നടപ്പാക്കുന്ന 12 പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകുന്ന കരാറുകളിൽ ചടങ്ങിൽ വെച്ച് ഒപ്പുവെച്ചു. ആകെ 19,240 കോടി റിയാലിന്റെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ശരീക് സി.ഇ.ഒ അബ്ദുൽ അസീസ് അൽഅരീഫി പറഞ്ഞു. ഇതിൽ 12,000 കോടി റിയാൽ ശരീക് വഹിക്കും. ഈ പദ്ധതികൾ രണ്ടു ദശകത്തിനുള്ളിൽ മൊത്തം ആഭ്യന്തരോൽപാദനത്തിലേക്ക് 46,600 കോടി റിയാൽ സംഭാവന ചെയ്യും. ഈ പദ്ധതികൾ എട്ടു കമ്പനികളുടെ വളർച്ച ശക്തമാക്കുകയും ആഗോള തലത്തിൽ കമ്പനികളുടെ മത്സരക്ഷമത ഉയർത്തുകയും ചെയ്യും. ഇത് മൂല്യശൃംഖലകളിൽ മൊത്തം അനുകൂല സ്വാധീനം സൃഷ്ടിക്കും. സ്വകാര്യ മേഖലയിലെ നിരവധി കമ്പനികൾക്ക് ഇത് നിക്ഷേപാവസരങ്ങൾ നൽകും.
ശരീക് പിന്തുണയോടെയുള്ള സ്വകാര്യ കമ്പനികളുടെ പുതിയ പദ്ധതികൾ 64,451 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അബ്ദുൽ അസീസ് അൽഅരീഫി പറഞ്ഞു. സൗദി അറാംകൊയുടെ അഞ്ചു പദ്ധതികളും അക്വാപവർ കമ്പനി, മആദിൻ, സാബിക്, അഡ്വാൻസ്ഡ് പെട്രോകെമിക്കൽ, എസ്.ടി.സി, സെയ്ൻ, ബഹ്‌രി എന്നീ കമ്പനികളുടെ പദ്ധതികളുമാണ് ശരീക് പദ്ധതിയുടെ ആദ്യ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അമോണിയ ഗ്യാസ് നീക്കം ചെയ്യുന്ന കപ്പലുകൾ നിർമിക്കാൻ 220 കോടി റിയാലിന്റെ കരാർ ഒപ്പുവെച്ചതായി ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ പറഞ്ഞു. ശരീക് പ്രോഗ്രാമിന്റെ ഭാഗമായി ബഹ്‌രി കമ്പനിയാണ് കരാർ ഒപ്പുവെച്ചത്. സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോൽപാദനത്തിലേക്ക് പ്രതിവർഷം 600 കോടിയിലേറെ റിയാൽ പദ്ധതി സംഭാവന ചെയ്യും. പദ്ധതി 11,000 തൊഴിലസരങ്ങൾ സൃഷ്ടിക്കും. സൗദി അറേബ്യയുടെ വിഷൻ 2030 പദ്ധതി വിജയത്തിനുള്ള അടിസ്ഥാനം സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തമാണ്. അതുകൊണ്ടു തന്നെ സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും എൻജിനീയർ സ്വാലിഹ് അൽജാസിർ പറഞ്ഞു.
അതേസമയം, ഗൂഗിളുമായുള്ള പങ്കാളിത്തത്തോടെയുള്ള സൗദി അറാംകൊയുടെ പദ്ധതി ക്ലൗഡ് കംപ്യൂട്ടിംഗ് മേഖലയിലേക്ക് 1000 കോടിയിലേറെ റിയാലിന്റെ നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിടുന്നതായി കമ്യൂണിക്കേഷൻസ് ആന്റ് ഐ.ടി മന്ത്രി എൻജിനീയർ അബ്ദുല്ല അൽസവാഹ പറഞ്ഞു. മുൻനിര കമ്പനിയുമായി ചേർന്ന് ഡാറ്റാ സെന്റർ നിർമാണം അടക്കം ക്ലൗഡ് കംപ്യൂട്ടിംഗ് മേഖലയുമായി ബന്ധപ്പെട്ട് പദ്ധതികൾ നടപ്പാക്കുമെന്നും കമ്യൂണിക്കേഷൻസ് ആന്റ് ഐ.ടി മന്ത്രി പറഞ്ഞു.
ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമ്പോഴും സൗദിയിൽ 19,240 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ചു; 64,451 പുതിയ തൊഴിലവസരങ്ങൾ
















Leave a Reply